തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയ മണ്ണും എക്കലും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 2018-ലെയും 2019-ലെയും പ്രളയങ്ങൾക്ക് ശേഷം സംസ്ഥാനത്തെ നദികളിലും ഡാമുകളിലും വലിയ തോതിൽ മണ്ണ് അടിഞ്ഞുകൂടിയതിനെ തുടർന്ന് ജലസംഭരണശേഷി കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം.
ഡാമുകളിലെ ചെളി നീക്കുകയും നദികളിലെ മണൽ വാർക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ജലസംഭരണശേഷി കുറഞ്ഞതിനാൽ ചെറിയ മഴ ലഭിക്കുമ്പോൾ പോലും നദികളിൽ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഹാപ്രളയം നടന്നിട്ട് എട്ട് വർഷമായിട്ടും ഇക്കാര്യത്തിൽ മുൻ സർക്കാർ ഫലപ്രദമായ നടപടി സ്വീകരിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതേസമയം, സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകൾ തുറന്നുവിടുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിലവിൽ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി അണക്കെട്ടിൽ 38.91 ശതമാനവും ഇടമലയാറിൽ 46 ശതമാനവും ബാണാസുരസാഗറിൽ 52 ശതമാനവും കക്കിയിൽ 42 ശതമാനവും കല്ലടയിൽ 45 ശതമാനവും മലമ്പുഴയിൽ 35 ശതമാനവും പീച്ചിയിൽ 34 ശതമാനവും ജലസംഭരണമാണുള്ളത്. നിലവിൽ മൂഴിയാർ അണക്കെട്ടിൽനിന്ന് മാത്രമാണ് വെള്ളം ഒഴുക്കിവിടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

