സിഡ്നി: ഓസ്ട്രേലിയയിൽ സൈക്കിൾ യാത്രയ്ക്കിടയിൽ ബൈക്കിന്റെ ചെയിനിൽ കുടുങ്ങിയ രണ്ട് മീറ്റർ നീളമുള്ള മാരക വിഷമുള്ള പാമ്പിന്റെ കടിയേറ്റ അറുപതുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. വടക്കൻ ന്യൂ സൗത്ത് വെയ്ൽസിലെ ട്വീഡ് ഷെയറിലുള്ള ബുറിംഗ്ബാറിന് സമീപത്തെ റെയിൽ പാതയിലൂടെ സൈക്കിൾ ഓടിക്കുന്നതിനിടയിലാണ് സ്ത്രീയുടെ വാഹനം പാമ്പിന് മുകളിലൂടെ കയറിയത്. ലോകത്തിലെ ഏറ്റവും മാരകവിഷമുള്ള രണ്ടാമത്തെ പാമ്പായ ‘ഈസ്റ്റൺ ബ്രൗൺ’ വിഭാഗത്തിൽപ്പെട്ട പാമ്പാണ് ഇവരെ ആക്രമിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ചെയിനിൽ കുടുങ്ങിയ പാമ്പ് സ്ത്രീയുടെ തുടയിലാണ് കടിച്ചതെന്ന് ന്യൂ സൗത്ത് വെയ്ൽസ് ആംബുലൻസ് വക്താവ് അറിയിച്ചു. തുടർന്ന് ഇവരെ അടിയന്തരമായി ട്വീഡ് വാലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും നില തൃപ്തികരമായതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെയോടെ ഡിസ്ചാർജ് ചെയ്തു. പാമ്പ് കടിച്ചുവെങ്കിലും ശരീരത്തിലേക്ക് വിഷം ഇറങ്ങാതിരുന്ന ‘ഡ്രൈ ബൈറ്റ്’ (Dry bite) ആയതിനാലാണ് ഇവർക്ക് ജീവൻ തിരികെ ലഭിച്ചതെന്ന് സംഭവസ്ഥലത്തെത്തിയ പാമ്പ് പിടിത്തക്കാരി സാറാ മൈലി വ്യക്തമാക്കി.
ബൈക്ക് ചെയിനിൽ കുടുങ്ങിയ പാമ്പിന്റെ ശരീരത്തിന്റെ മുകൾഭാഗം പൂർണ്ണമായും സ്വതന്ത്രമായിരുന്നതിനാൽ അതിനെ പുറത്തെടുക്കുക എന്നത് കടുത്ത വെല്ലുവിളിയായിരുന്നുവെന്ന് സാറാ പറഞ്ഞു. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ പാമ്പിന്റെ തല അമർത്തിപ്പിടിച്ചാണ് ചെയിനിൽ നിന്നും വേർപെടുത്തിയത്. എന്നാൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പിന്നീട് പാമ്പിനെ ദയാവധത്തിന് വിധേയമാക്കി. ഈ പാമ്പിന് ഒരു കണ്ണിന് കാഴ്ചയില്ലായിരുന്നുവെന്നും, തണുപ്പുള്ള കാലാവസ്ഥയായതിനാൽ അതിന്റെ പ്രതികരണ ശേഷി കുറവായിരുന്നതുമാണ് സൈക്കിൾ വരുന്നത് കണ്ട് മാറിപ്പോകാതിരിക്കാൻ കാരണമായതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

