എംഎസ് രോഗികൾക്ക് ആശ്വാസം; ജീവൻരക്ഷാ മരുന്നുകളുടെ സർക്കാർ സബ്‌സിഡി ഓസ്‌ട്രേലിയയിൽ തുടരും

കാൻബറ: മൾട്ടിപ്പിൾ സ്ക്ലിറോസിസ് (MS) ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഓസ്‌ട്രേലിയൻ സ്വദേശികൾക്ക് വലിയ ആശ്വാസമേകി പ്രമുഖ മരുന്നുകളുടെ സബ്‌സിഡി തുടരാൻ സർക്കാർ തീരുമാനം. വിലകൂടിയ എംഎസ് മരുന്നുകളായ ഒക്രെവസ്, കെസിംപ്റ്റ, ലെംട്രാഡ എന്നിവ സർക്കാർ ആനുകൂല്യം ലഭിക്കുന്ന ഫാർമസ്യൂട്ടിക്കൽ ബെനഫിറ്റ്സ് സ്കീമിൽ (PBS) തന്നെ നിലനിർത്തുമെന്ന് ആരോഗ്യ മന്ത്രി മാർക്ക് ബട്‌ലർ സ്ഥിരീകരിച്ചു. ഉയർന്ന വില ആവശ്യപ്പെട്ട് ഈ മരുന്നുകളുടെ നിർമ്മാതാക്കൾ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് രോഗികൾക്കിടയിൽ നിലനിന്നിരുന്ന വലിയ ആശങ്കയ്ക്കാണ് ഇതോടെ താൽക്കാലിക പരിഹാരമായിരിക്കുന്നത്.

കുറഞ്ഞ ചിലവിൽ ജനങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കുന്ന ഓസ്‌ട്രേലിയൻ പദ്ധതിയാണ് പിബിഎസ്. എന്നാൽ അടുത്തിടെ ‘ബ്രിയംവി’ എന്ന താരതമ്യേന വിലകുറഞ്ഞ പുതിയൊരു എംഎസ് മരുന്ന് വിപണിയിലെത്തിയ തോടെ, മറ്റ് കമ്പനികളുടെ മരുന്നുകൾക്കും സർക്കാർ സബ്‌സിഡി തുക പകുതിയോളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് സബ്‌സിഡി പട്ടികയിൽ നിന്നും തങ്ങളുടെ മരുന്നുകൾ പിൻവലിക്കുമെന്ന് റോഷ്, നൊവാർട്ടിസ് എന്നീ വമ്പൻ മരുന്ന് കമ്പനികൾ സർക്കാരിന് മുന്നറിയിപ്പ് നൽകി. എന്നാൽ ഓരോ രോഗിയുടെയും ശാരീരികാവസ്ഥയ്ക്ക് അനുയോജ്യമായ മരുന്നുകൾ വ്യത്യസ്തമാണെന്നും, ഒക്രെവസ് പോലുള്ള മരുന്നുകൾക്ക് സബ്‌സിഡി നിർത്തലാക്കുന്നത് രോഗികളെ പ്രതിസന്ധിയിലാക്കുമെന്നും ആരോഗ്യ വിദഗ്ദ്ധരും രോഗീക്ഷേമ സംഘടനകളും ചൂണ്ടിക്കാണിച്ചിരുന്നു.

ഇതുകൂടി കണക്കിലെടുത്താണ് മരുന്നുകളുടെ സബ്‌സിഡി തൽക്കാലം തുടരാൻ ഉപദേശക സമിതി തീരുമാനിച്ചത്. അതേസമയം, എംഎസ് മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് ഈ വർഷം അവസാനത്തോടെ ഒരു വിശദമായ പുനരവലോകനം നടത്തുമെന്നും അതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. അമേരിക്കയിലെ അമിത വിലയുമായി താരതമ്യം ചെയ്ത് ഓസ്‌ട്രേലിയയിലും വലിയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന ആഗോള മരുന്ന് കമ്പനികളുടെ സമ്മർദ്ദ തന്ത്രങ്ങൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഈ വിഷയത്തിൽ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *