ബിയറിനും സിഗരറ്റിനും ലോകത്തിൽ ഏറ്റവും കൂടുതൽ പണം നൽകേണ്ടത് മെൽബണിലും സിഡ്നിയിലും; പൊതുഗതാഗത നിരക്കിലും മുന്നിൽ

മെൽബൺ: ലോകത്തിൽ വെച്ച് ബിയറും സിഗരറ്റും വാങ്ങാൻ ഏറ്റവും കൂടുതൽ പണം ചിലവഴിക്കേണ്ടി വരുന്നത് ഓസ്‌ട്രേലിയൻ നഗരങ്ങളായ മെൽബണിലും സിഡ്നിയിലുമാണെന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള 69 നഗരങ്ങളിലെ ജീവിതച്ചിലവുകൾ വിലയിരുത്തി പ്രമുഖ സാമ്പത്തിക സ്ഥാപനമായ ഡച്ച് ബാങ്ക് (Deutsche Bank) പുറത്തുവിട്ട വാർഷിക സൂചികയിലാണ് ഈ കണ്ടെത്തൽ. ഓസ്‌ട്രേലിയയിൽ നിലനിൽക്കുന്ന കടുത്ത ‘സിൻ ടാക്സ്’ (ഭരണകൂടം ഏർപ്പെടുത്തുന്ന പ്രത്യേക നികുതി) കാരണമാണ് രാജ്യത്തെ ഈ രണ്ട് പ്രധാന നഗരങ്ങളിലും ഒരു രാത്രികാല വിനോദത്തിന് (Night-out) ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ചിലവ് വരുന്നത്.

അഞ്ച് ബിയറുകളും രണ്ട് പാക്കറ്റ് മാർൽബോറോ സിഗരറ്റും ഉൾപ്പെടുന്ന ‘ഒയാസിസ് ഇൻഡക്സ്’ (Oasis Index) പരിശോധിച്ചതിൽ മെൽബണിൽ ഇതിനായി 111.20 യുഎസ് ഡോളർ (ഏകദേശം 158.89 ഓസ്‌ട്രേലിയൻ ഡോളർ) ചിലവ് വരുമ്പോൾ, സിഡ്നിയിൽ ഇതിന് 109.50 യുഎസ് ഡോളർ (ഏകദേശം 156.47 ഓസ്‌ട്രേലിയൻ ഡോളർ) നൽകണം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മെൽബണിലെ ഒയാസിസ് സൂചികയിൽ 89 ശതമാനവും സിഡ്നിയിൽ 82 ശതമാനവും വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012 മുതൽ ഈ വിഭാഗത്തിൽ ലോകത്തിൽ ഏറ്റവും ഉയർന്ന നിരക്കുള്ള നഗരങ്ങളായി തുടരുന്നത് ഇവ രണ്ടും തന്നെയാണ്.

പട്ടികയിൽ മൂന്നും നാലും സ്ഥാനങ്ങളിൽ യഥാക്രമം ന്യൂസിലൻഡ് നഗരങ്ങളായ ഓക്‌ലൻഡും (68.60 യുഎസ് ഡോളർ) വെല്ലിംഗ്ടണുമാണ് (67.10 യുഎസ് ഡോളർ). ലണ്ടനാണ് അഞ്ചാം സ്ഥാനത്ത് (63.90 യുഎസ് ഡോളർ). ഏറ്റവും കുറഞ്ഞ ചിലവുള്ള നഗരം ചൈനയിലെ ഷാങ്ഹായാണ് (10.40 യുഎസ് ഡോളർ). ബ്രസീലിലെ റിയോ ഡി ജനീറോയും ഈജിപ്തിലെ കെയ്‌റോയുമാണ് ഇതിന് തൊട്ടുപിന്നിൽ.

വിനോദങ്ങൾക്ക് പുറമെ പൊതുഗതാഗത നിരക്കിന്റെ കാര്യത്തിലും സിഡ്നിയും മെൽബണും ലോകത്തിൽ വളരെ മുന്നിലാണ്. പ്രതിമാസ ട്രാവൽ പാസുകൾക്കായി 268 യുഎസ് ഡോളർ ഈടാക്കുന്ന ലണ്ടനാണ് ഈ പട്ടികയിൽ ഒന്നാമത്. 151 യുഎസ് ഡോളർ (218 ഓസ്‌ട്രേലിയൻ ഡോളർ) നിരക്കുമായി സിഡ്നി രണ്ടാമതും, ന്യൂയോർക്ക് (140 യുഎസ് ഡോളർ) മൂന്നാമതും, മെൽബൺ (138 യുഎസ് ഡോളർ) നാലാമതുമാണ്.

അമിതമായ നികുതിയും വിലക്കയറ്റവും കാരണം ഓസ്‌ട്രേലിയയിൽ സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി ഒരു ബിയർ കുടിക്കുന്നത് പോലും സാധാരണക്കാർക്ക് അപ്രാപ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇൻഡിപെൻഡന്റ് ബ്രൂവേഴ്‌സ് അസോസിയേഷൻ മേധാവി സബ്രീന കുൻസ് പറഞ്ഞു. ഇത് കഫേകളും ബാറുകളും ഉൾപ്പെടുന്ന ഹോസ്പിറ്റാലിറ്റി മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുന്നതായും അവർ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് നികുതിയുടെ പ്രശ്നമല്ലെന്നും, മറിച്ച് നിയമങ്ങൾ കർശനമായി നടപ്പിലാക്കാത്തതിന്റെ പ്രശ്നമാണെന്നാണ് ഫെഡറൽ മന്ത്രി ക്ലെയർ ഒ നീൽ ഇതിനോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *