ചെന്നൈ: മുതിർന്ന തെന്നിന്ത്യൻ നടി സൗകാർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി ഏകദേശം 400 സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. 1950ൽ എൽ.വി. പ്രസാദ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ഷാവുകരുവിലൂടെയാണ് സിനിമയിലെത്തിയത്. ഈ ചിത്രത്തിലൂടെയാണ് ‘സൗകാർ’ എന്ന പേര് ലഭിച്ചത്. 1952ൽ വലയപതിയിലൂടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു.
പണം പാടും പാട്, പുതിയ പറവൈ, നീർക്കുമിഴി, എതിർനീച്ചൽ, ഉയർന്ന മനുഷ്യൻ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. തെലുങ്കിലും നിരവധി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.
രണ്ട് നന്ദി പുരസ്കാരങ്ങൾ, കലൈമാമണി, ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്–സൗത്ത് എന്നിവ നേടിയ ജാനകിക്ക് സിനിമയിലെ സമഗ്ര സംഭാവന പരിഗണിച്ച് 2022ൽ പത്മശ്രീ ലഭിച്ചു. ബിസ്കോത്ത് (2020), അന്നി മഞ്ചി ശകുനമുലേ (2023) എന്നിവയാണ് അവസാനകാല ചിത്രങ്ങളിൽ പ്രധാനപ്പെട്ടവ.

