ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക സംയുക്ത യജ്ഞം; എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി റോജി എം. ജോൺ

എറണാകുളം: ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കുന്നതിനായി എല്ലാ ഫോറസ്റ്റ് ഡിവിഷനുകളെയും ഉൾപ്പെടുത്തി സംയുക്ത യജ്ഞം സംഘടിപ്പിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ചേർന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനാതിർത്തി പ്രദേശങ്ങളിൽ മാത്രമല്ല, ജനവാസ കേന്ദ്രങ്ങളിലേക്കും ആനകൾ ഇറങ്ങുന്ന സാഹചര്യം നിലവിലുണ്ട്. ഇത് പരിഹരിക്കുന്നതിന് എല്ലാ ഫോറസ്റ്റ് ഡിവിഷനുകളും ഒന്നിച്ച് പ്രവർത്തിക്കണം. ഭൂതത്താൻകെട്ട് മുതൽ നേര്യമംഗലം വരെയുള്ള പ്രദേശങ്ങളിൽ ഫലപ്രദമായ രീതിയിൽ സോളാർ ഫെൻസിങ്, ട്രെഞ്ചിങ്, സോളാർ ലൈറ്റ് സ്ഥാപിക്കൽ എന്നിവയ്ക്കുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.

ഏറ്റെടുത്ത നിർമ്മാണ ജോലികൾ പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിക്കുന്ന കോൺട്രാക്ടർമാരെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുന്നതിനും അവരുടെ ഡെപ്പോസിറ്റ് തുക കണ്ടുകെട്ടുന്നതിനുമുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണം. വനാതിർത്തിയിലെ അടിക്കാട് വെട്ടുന്നതിനുള്ള നടപടികൾ കൂടുതൽ ജനകീയമായും ജനസൗഹാർദ്ദപരമായിട്ടും നടത്തണം. ജില്ലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി വനം വകുപ്പ് മന്ത്രിയുമായി തിരുവനന്തപുരത്ത് ഉടൻ യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശ്നബാധിതമായിട്ടുള്ള നിയോജകമണ്ഡലങ്ങളിലെ സാഹചര്യം വിലയിരുത്താനാണ് യോഗം ചേർന്നത്. യോഗത്തിൽ എം.എൽ.എമാരായ മനോജ് മൂത്തേടൻ, ഷിബു തെക്കുംപുറം, ജില്ലാ കളക്ടർ ജി. പ്രിയങ്ക, മലയാറ്റൂർ ഡി.എഫ്.ഒ കാർത്തിക് പനീർ, കോതമംഗലം ഡി.എഫ്.ഒ സൂരജ് ബെൻ, അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ കെ.എ. ജോസഫ് സ്റ്റീഫൻ റോബി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *