സ മൊഗാദിഷു: സൊമാലിയയിൽ കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് രൂക്ഷമാകുന്നതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ ഏജൻസിയായ യൂണിസെഫ്. 2026ൽ രാജ്യത്ത് ഏകദേശം 19 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടാൻ സാധ്യതയുണ്ടെന്നും ഇതിൽ അഞ്ചുലക്ഷത്തോളം പേർ ജീവന് തന്നെ ഭീഷണിയായ അതീവ ഗുരുതര പോഷകാഹാരക്കുറവിന്റെ അവസ്ഥയിലാകുമെന്നും യൂണിസെഫ് അറിയിച്ചു.
2026ന്റെ ആദ്യ ആറുമാസത്തിൽ ഗുരുതരമായ പോഷകാഹാരക്കുറവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സ തേടിയ കുട്ടികളുടെ എണ്ണത്തിൽ 32 ശതമാനം വർധനയുണ്ടായി. അതേസമയം, അന്താരാഷ്ട്ര മാനുഷിക സഹായത്തിലെ വലിയ കുറവിനെ തുടർന്ന് രാജ്യത്തെ 205 ആരോഗ്യ-പോഷകാഹാര കേന്ദ്രങ്ങൾ ഇതിനകം അടച്ചുപൂട്ടിയതായി യൂണിസെഫ് വ്യക്തമാക്കി. നിലവിലെ സാമ്പത്തിക സാഹചര്യം തുടർന്നാൽ രാജ്യത്താകെ 618 ആരോഗ്യകേന്ദ്രങ്ങൾ വരെ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നത് ചികിത്സയ്ക്കായി കുടുംബങ്ങൾക്ക് കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടാക്കും. ഇത് ചികിത്സ വൈകാനും രോഗാവസ്ഥ ഗുരുതരമാകാനും ഒഴിവാക്കാനാകുമായിരുന്ന മരണങ്ങളുടെ സാധ്യത വർധിക്കാനും ഇടയാക്കുമെന്ന് യൂണിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു. സൊമാലിയയെ കൈവിടാനുള്ള സമയമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
കടുത്ത വരൾച്ച, സംഘർഷം, ജനങ്ങളുടെ കുടിയൊഴിപ്പിക്കൽ, സാമ്പത്തിക സമ്മർദം എന്നിവയ്ക്കൊപ്പം മാനുഷിക സഹായത്തിനുള്ള ഫണ്ടിങ്ങിലുണ്ടായ കുറവും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. സൊമാലിയയിലെ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതിനുള്ള ധനസഹായം ഈ വർഷം 80 ശതമാനത്തിലേറെ കുറഞ്ഞതായി മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് നേരത്തെ അറിയിച്ചിരുന്നു.
രാജ്യത്ത് ഏകദേശം 60 ലക്ഷം പേർ കടുത്ത ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് യൂണിസെഫിന്റെ പുതിയ മുന്നറിയിപ്പ്. കുട്ടികളുടെ ജീവൻ സംരക്ഷിക്കുന്നതിനും ആരോഗ്യ-പോഷകാഹാര സേവനങ്ങൾ നിലനിർത്തുന്നതിനും അടിയന്തരമായി അന്താരാഷ്ട്ര സഹായം വർധിപ്പിക്കണമെന്നാണ് വിവിധ യുഎൻ ഏജൻസികളുടെ ആവശ്യം.

