സംസ്ഥാന ബെസ്റ്റ് സ്കൂൾ പെർഫോമൻസ് അവാർഡ്; കമ്പല്ലൂർ ജി.എച്ച്.എസ്.എസിന് രണ്ടാം സ്ഥാനം

കാസർകോട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ 2025-26 വർഷത്തെ ബെസ്റ്റ് സ്കൂൾ പെർഫോമൻസ് അവാർഡിൽ തിളക്കമാർന്ന നേട്ടവുമായി കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള വിദ്യാലയങ്ങളോട് മത്സരിച്ച് മികച്ച പ്രവർത്തന മികവോടെ കമ്പല്ലൂർ സ്കൂൾ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ സർവ്വതോമുഖമായ മുന്നേറ്റമാണ് വിദ്യാലയത്തെ ഈ അഭിമാന നേട്ടത്തിന് അർഹമാക്കിയത്.

തുടർച്ചയായ 15 വർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ കൈവരിക്കുന്ന നൂറുശതമാനം വിജയവും ഓരോ വർഷവും വർദ്ധിച്ചുവരുന്ന ഫുൾ എ പ്ലസുകളും സ്കൂളിന്റെ അക്കാദമിക മികവിന് അടിവരയിടുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ ജില്ലയിലെ മികച്ച വിജയത്തോടൊപ്പം എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 31 പ്രതിഭകളും പ്ലസ് വൺ പരീക്ഷയിലെ മികച്ച പ്രകടനവും എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് തുടങ്ങിയ സ്കോളർഷിപ്പ്-മത്സര പരീക്ഷകളിലെ തുടർച്ചയായ നേട്ടങ്ങളും വിദ്യാലയത്തിന് തുണയായി.

കലാ-കായിക ശാസ്ത്ര മേളകളിലും സമാനതകളില്ലാത്ത മുന്നേറ്റമാണ് സ്കൂൾ നടത്തിയത്. കഴിഞ്ഞ വർഷത്തെ ചിറ്റാരിക്കൽ ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും കാസർകോട് റവന്യൂ ജില്ലാതലത്തിൽ ഹയർ സെക്കൻഡറി ചാമ്പ്യൻഷിപ്പും ശാസ്ത്രോത്സവത്തിൽ ഉപജില്ലാ ഓവറോൾ കിരീടവും ഗണിതശാസ്ത്രമേളയിൽ ഹയർ സെക്കൻഡറി വിഭാഗം ചാമ്പ്യൻഷിപ്പും സ്കൂൾ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പ് നിലനിർത്തുന്നതും എടുത്തുപറയേണ്ട നേട്ടമാണ്.

കായികരംഗത്ത് സുബ്രതോ കപ്പ് ഫുട്ബോളിലും വോളിബോളിലും ഉപജില്ലാ, ജില്ലാ തലങ്ങളിൽ മികച്ച വിജയങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചു. സ്കൂളിൽ പ്രവർത്തിക്കുന്ന ‘സെപ്റ്റ്’ (SPT) ഫുട്ബോൾ കോച്ചിംഗ് സെന്റർ വഴി പ്രതിഭകളെ വളർത്തിയെടുക്കുന്നതിനൊപ്പം സംസ്ഥാനതല സെപ്റ്റ് ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടാനും വിദ്യാലയത്തിനായി. ഇതിനുപുറമെ, സമൂഹ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രാദേശിക വിദ്യാഭ്യാസ സമിതികൾ, ‘ക്ലീൻ കമ്പല്ലൂർ’ പദ്ധതി, മഴവെള്ളക്കൊയ്ത്ത് സർവേ തുടങ്ങിയ മാതൃകാപരമായ സാമൂഹിക ഇടപെടലുകളും കൂടി പരിഗണിച്ചാണ് വിദ്യാലയത്തെ അവാർഡിനായി തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *