മധു വധക്കേസ്’ ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പ്രതിക്കെതിരെയുള്ള തെളിവുകൾ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നും അതീവ ഗുരുതരമായ കുറ്റകൃത്യമാണ് ഹുസൈൻ നടത്തിയതെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

മധു വധക്കേസിൽ കഴിഞ്ഞ മെയ് മാസത്തിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസിൽ 12 പ്രതികൾക്ക് കോടതി ജീവപര്യന്തം തടവും മറ്റൊരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷയും വിധിച്ചിരുന്നു. എന്നാൽ, പ്രധാന പ്രതിയായ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയാണുണ്ടായത്. നാലാം പ്രതിയെയും പതിനൊന്നാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു.

അതേസമയം, കുറ്റക്കാരായ 13 പ്രതികൾക്കുമെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങൾ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വകുപ്പുകൾ നിലനിൽക്കില്ലെന്ന വിചാരണക്കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നടപടി. കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തണമെന്ന് വിധി വന്ന സമയത്തുതന്നെ സംസ്ഥാന സർക്കാർ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഒന്നാം പ്രതിയെ വെറുതെവിട്ട നടപടിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *