ബൊളീവിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ബൊളീവിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ലാ പാസ്: സർക്കാർവിരുദ്ധ പ്രതിഷേധങ്ങളും രാജ്യവ്യാപക റോഡ് ഉപരോധങ്ങളും രൂക്ഷമായതിനെ തുടർന്ന് ബൊളീവിയയിൽ 90 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് റോഡ്രിഗോ പാസാണ് ഉത്തരവിറക്കിയത്. പ്രതിഷേധക്കാർ സൃഷ്ടിച്ച റോഡ് ഉപരോധങ്ങൾ നീക്കി ഗതാഗതവും അവശ്യവസ്തുക്കളുടെ വിതരണവും പുനഃസ്ഥാപിക്കുന്നതിനായി സൈന്യത്തിന് പോലീസിനെ സഹായിക്കാൻ സർക്കാർ അധികാരം നൽകിയിട്ടുണ്ട്.

ഇന്ധന സബ്സിഡി പിൻവലിച്ചതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഡോളർ ക്ഷാമവും പശ്ചാത്തലമാക്കി ആരംഭിച്ച പ്രതിഷേധം കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ വിതരണം തടസ്സപ്പെടുകയും നിരവധി നഗരങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലാകുകയും ചെയ്തു.

പ്രധാന തൊഴിലാളി സംഘടനയുമായി സർക്കാർ ധാരണയിലെത്തിയെങ്കിലും മുൻ പ്രസിഡന്റ് ഇവോ മൊറാലസിനെ അനുകൂലിക്കുന്ന വിഭാഗങ്ങളും മറ്റ് പ്രതിഷേധസംഘങ്ങളും സമരം തുടരുകയാണ്. വേതനവർധന, സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം, പ്രസിഡന്റ് രാജിവെക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവയ്ക്കുന്നത്.

അതേസമയം, ഭരണഘടനാപരമായ അവകാശങ്ങൾ നിയന്ത്രിക്കാനല്ല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും പൊതുജനങ്ങളുടെ സുരക്ഷയും അവശ്യസേവനങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് റോഡ്രിഗോ പാസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *