രജിസ്റ്റർ ചെയ്യാത്ത നായകളുടെ ഉടമയ്‌ക്കെതിരെ കടുത്ത നടപടി;സ്വകാര്യ യാഡുകളില്‍ പരിശോധനയ്ക്ക് ഇനി അനുമതി വേണ്ട

ക്വീൻസ്‌ലൻഡ്: രജിസ്റ്റർ ചെയ്യാത്ത വളർത്തുനായ്ക്കളെ കണ്ടെത്താനായി ഉടമകളുടെ അനുമതിയില്ലാതെ തന്നെ സ്വകാര്യ വസ്തുവകകളിലും യാർഡുകളിലും കയറി പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകി ക്വീൻസ്‌ലൻഡിലെ മാരനോവ റീജിയണൽ കൗൺസിൽ. ഉത്തരവാദത്തമുള്ള വളർത്തുമൃഗ പരിപാലനം ഉറപ്പാക്കുന്നതിനും നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഈ കടുത്ത നടപടിയെന്ന് കൗൺസിൽ വ്യക്തമാക്കി.

കൗൺസിലിന്റെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ കൈവശമുള്ള അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്കാണ് തെരഞ്ഞെടുത്ത വീടുകളിലും പുരയിടങ്ങളിലും കയറി പരിശോധന നടത്താൻ അനുവാദമുള്ളത്. നായ്ക്കളുടെ രജിസ്ട്രേഷനും നിയന്ത്രിത വിഭാഗത്തിൽപ്പെട്ട നായ്ക്കൾക്കുള്ള പ്രത്യേക മാനദണ്ഡങ്ങളും ഇവർ പരിശോധിക്കും.

പരിശോധനയിൽ രജിസ്റ്റർ ചെയ്യാത്ത നായ്ക്കളെ കണ്ടെത്തിയാൽ ഉടമയ്ക്ക് 333 ഡോളർ പിഴ ചുമത്തും. നിയന്ത്രിത നായ്ക്കളുമായി ബന്ധപ്പെട്ട നിബന്ധനകൾ ലംഘിക്കുന്നവർക്ക് 1,168 ഡോളർ വരെയാണ് പിഴ ഈടാക്കുക. അതേസമയം, നായ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഉടമകളുടെ അനുമതിയില്ലാതെ സ്വകാര്യ സ്വത്തിലേക്ക് ഉദ്യോഗസ്ഥർ പ്രവേശിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വിമർശനവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *