ആനത്താരകളിലെ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്താൻ കർശന നടപടി; വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനംവകുപ്പിന് നിർദേശം

ഇടുക്കി: ജില്ലയിലെ ആനത്താരകളിൽ വനംവകുപ്പിന്റെ അനുമതിയില്ലാതെ നടന്നിട്ടുള്ള നിർമ്മിതികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനംവകുപ്പിന് നിർദേശം നൽകി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. ജില്ലയിലെ എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിൽ നിന്നും ഇതുസംബന്ധിച്ച സമഗ്ര റിപ്പോർട്ട് നൽകണം.

കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളിൽ ബോട്ടിംഗ് അനുവദിച്ചിട്ടുണ്ടെങ്കിലും ആനയിറങ്കൽ ഡാമിൽ വനംവകുപ്പ് അനുമതി നൽകാത്ത വിഷയം സേനാപതി വേണു എം.എൽ.എ യോഗത്തിൽ ഉന്നയിച്ചിരുന്നു. ഇത് പരിശോധിച്ച യോഗം, ആനകളുടെ സഞ്ചാരപാതകളായി കണ്ടെത്തിയിട്ടുള്ള പലയിടങ്ങളിലും റിസോർട്ടുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ടെന്ന് വിലയിരുത്തി. തുടർന്നാണ് ആനത്താരകളിലെ മുഴുവൻ അനധികൃത നിർമ്മാണങ്ങളും കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചത്.

ഇടമലക്കുടിയിലെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും അടിയന്തര പരിഹാരം വേണമെന്നും റോയ് കെ. പൗലോസ് എം.എൽ.എ ആവശ്യപ്പെട്ടു. ഇടമലക്കുടിയിൽ 149 വീടുകളുടെ നിർമ്മാണം പൂർത്തിയായെന്നും 58 വീടുകൾ ഭാഗികമായി പൂർത്തിയായതായും വനംവകുപ്പ് അറിയിച്ചു. ഇനി 223 വീടുകളാണ് പൂർത്തിയാക്കാനുള്ളത്. ഇതേക്കുറിച്ച് വനംവകുപ്പിലെയും പട്ടികവർഗ്ഗ വികസന വകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ടെത്തി സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ യോഗം നിർദേശിച്ചു. ആകെ കുടുംബങ്ങൾ, വീട് ആവശ്യമുള്ളവർ, ആവശ്യമായ തുക തുടങ്ങിയ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഇടമലക്കുടിയിലെ റോഡ് നിർമ്മാണം ഓണത്തിന് ശേഷം ആരംഭിച്ച് ഡിസംബർ 31-നകം പൂർത്തിയാക്കുമെന്ന് കരാറുകാരൻ ഉറപ്പുനൽകിയതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

വെള്ളത്തൂവൽ പഞ്ചായത്തിലെ അമൃത് സരോവർ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട കുമ്മിണിക്കുന്ന് കുളം നവീകരണ സ്ഥലത്തെ കൈയേറ്റങ്ങൾ ഒരു മാസത്തിനകം ഒഴിപ്പിക്കാൻ യോഗം നിർദേശം നൽകി. ജില്ലയിൽ നിയമവിരുദ്ധമായി പാറ പൊട്ടിക്കുന്നത് തടയാൻ പരിശോധനകൾ കർശനമാക്കും. ഇടുക്കി മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി മറ്റ് സർക്കാർ ആശുപത്രികളിൽ നിന്ന് താൽക്കാലികമായി ജീവനക്കാരെ പുനർവിന്യസിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാനും തീരുമാനമായി. യോഗത്തിൽ എം.എൽ.എമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, ദേവികുളം സബ് കളക്ടർ ആര്യ വി.എം., അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. പി. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *