സിഡ്നി: ബിസിനസ്സ്, കായികം, സംസ്കാരം എന്നീ മേഖലകളിൽ വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പ്രഥമ ‘സൂപ്പർനാരി കോൺക്ലേവ് 2026’ സെപ്റ്റംബർ 24 വ്യാഴാഴ്ച ന്യൂ സൗത്ത് വെയിൽസ് പാർലമെന്റിൽ നടക്കും. സരോണി റോയ് ഫൗണ്ടേഷൻ , ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലുമായി സഹകരിച്ചാണ് ഈ ചരിത്ര സമ്മേളനം ഒരുക്കുന്നത്. ‘സ്ത്രീ’ എന്നർത്ഥം വരുന്ന സംസ്കൃത പദമായ ‘നാരി’യിൽ നിന്നാണ് കോൺക്ലേവിന് പേര് നൽകിയിരിക്കുന്നത്. ‘ഉൾക്കൊള്ളലിനെ വെറുമൊരു ആഗ്രഹത്തിൽ നിന്ന് പ്രായോഗിക അവസരങ്ങളാക്കി മാറ്റുക’എന്നതാണ് ഈ വർഷത്തെ പ്രധാന പ്രമേയം.
കായികരംഗത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ലക്ഷ്യമിട്ടുള്ള ‘സൂപ്പർനാരി സ്പോർടൈൻമെന്റ്’ സംരംഭത്തിന്റെ ഉദ്ഘാടനം ചടങ്ങിൽ നടക്കും. ഒപ്പം മുഖ്യപ്രഭാഷണങ്ങൾ, ഗ്ലോബൽ ഐക്കൺസ് ഫോറം, വിദഗ്ധ പാനൽ ചർച്ച എന്നിവയും അരങ്ങേറും. വിദ്യാഭ്യാസം, ബിസിനസ്സ്, കായിക പങ്കാളിത്തം എന്നിവയിലൂടെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാംസ്കാരിക പാരസ്പര്യം ആഘോഷിക്കുന്നതിനൊപ്പം, ആഗോള സഹകരണങ്ങൾക്കായുള്ള ‘എസ്ആർഎഫ് ഗ്ലോബൽ ഇക്കോണമി അലയൻസ്’ എന്ന ശൃംഖലയും വേദിയിൽ അവതരിപ്പിക്കും. സിഡ്നി മക്വാരി സ്ട്രീറ്റിലുള്ള എൻഎസ്ഡബ്ല്യു പാർലമെന്റ് മന്ദിരത്തിൽ വൈകുന്നേരം 5:30-ന് അതിഥികളെ സ്വീകരിക്കും; തുടർന്ന് 6:00 മണിക്ക് ഔദ്യോഗിക പരിപാടികൾ ആരംഭിക്കും. ബിസിനസ് ഫോർമൽ അല്ലെങ്കിൽ പരമ്പരാഗത സാംസ്കാരിക വസ്ത്രങ്ങളാണ് സന്ദർശകർക്കുള്ള ഡ്രസ് കോഡ്.

