കേരളത്തിന്റെ ശബ്ദം ഇനി ഓസ്‌ട്രേലിയയിൽ ഔദ്യോഗികം; 46 അംഗ നോർക്ക കോ-ഓർഡിനേഷൻ കൗൺസിൽ രൂപീകരിച്ചു

സിഡ്നി: ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് താങ്ങായി നോർക്ക റൂട്ട്സ് ‘ഓസ്‌ട്രേലിയ നോർക്ക കോ-ഓർഡിനേഷൻ കൗൺസിൽ’ രൂപീകരിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് നിർണായകമായ ഈ നടപടി. ഇതുസംബന്ധിച്ച് നോർക്ക റൂട്ട്സ് സിഇഒ 2026 സെപ്റ്റംബർ 22-ന് ഔദ്യോഗിക ഉത്തരവ് (നമ്പർ: ROOTS/1697/2026-JE(A)) പുറപ്പെടുവിച്ചു. ഓസ്‌ട്രേലിയയിലെ വിവിധ മലയാളി സംഘടനകളിൽ നിന്നുള്ള 46 പ്രതിനിധികളാണ് കൗൺസിലിൽ അംഗങ്ങളായിട്ടുള്ളത്.

പ്രവാസി കേരളീയരുമായും അംഗീകൃത സംഘടനകളുമായുമുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി നോർക്ക ആഗോളതലത്തിൽ രൂപീകരിക്കുന്ന ഗ്ലോബൽ കോ-ഓർഡിനേഷൻ കൗൺസിലുകളുടെ ഭാഗമായാണ് ഈ സംവിധാനം നിലവിൽ വന്നത്. സാംസ്കാരിക, സാമൂഹിക, പ്രൊഫഷണൽ രംഗങ്ങളിൽ ഓസ്‌ട്രേലിയയിലെ മലയാളി സമൂഹം അതിവേഗം വളരുന്ന സാഹചര്യത്തിൽ അവരുമായി ചിട്ടയായ ഏകോപനം സാധ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. നോർക്കയുടെയും സംസ്ഥാന സർക്കാരിന്റെയും വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും പ്രവാസികളിലേക്ക് എത്തിക്കുക, കുടിയേറ്റ-വിദ്യാർത്ഥി ബോധവൽക്കരണം ഉറപ്പാക്കുക, ദുരിതങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും കൈത്താങ്ങാകുക, ഓസ്‌ട്രേലിയൻ അധികൃതരുമായി ഏകോപനം നടത്തുക, ഒപ്പം പ്രവാസികളും കേരളവും തമ്മിൽ വിജ്ഞാന-നിക്ഷേപ-സാങ്കേതിക പങ്കാളിത്തം വളർത്തുക എന്നിവയാണ് കൗൺസിലിന്റെ പ്രധാന ചുമതലകൾ.

പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി കൗൺസിലിനെ നാല് പ്രത്യേക ഡെസ്കുകളായി തിരിച്ചിട്ടുണ്ട്:

സംഘടനകൾ, നോർക്ക, പ്രാദേശിക അധികൃതർ എന്നിവർക്കിടയിലെ കേന്ദ്ര കണ്ണിയായി പ്രവർത്തിക്കുന്ന കോ-ഓർഡിനേഷൻ ഡെസ്ക് (11 അംഗങ്ങൾ).

പ്രതിസന്ധികളിലും ക്ഷേമപ്രവർത്തനങ്ങളിലും പരിചയസമ്പന്നരായ നഴ്സുമാരും സാമൂഹിക പ്രവർത്തകരും ധനസമാഹരണ വോളന്റിയർമാരും ഉൾപ്പെടുന്ന ഡിസ്ട്രസ് സപ്പോർട്ട് ഡെസ്ക് (11 അംഗങ്ങൾ).

ഓസ്‌ട്രേലിയയും കേരളവും തമ്മിലുള്ള വ്യാപാര, ഗവേഷണ, നിക്ഷേപ സാധ്യതകൾ ഏകോപിപ്പിക്കുന്ന കേരള ഡെവലപ്മെന്റ് ഡെസ്ക് (12 അംഗങ്ങൾ).

പുതുതായി എത്തുന്ന കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും കുടിയേറ്റ-സെറ്റിൽമെന്റ് മാർഗനിർദേശങ്ങൾ നൽകുന്ന മൈഗ്രേഷൻ അവയർനെസ് ഡെസ്ക് (12 അംഗങ്ങൾ).

ഓസ്‌ട്രേലിയയിലേക്ക് എത്തുന്ന ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും നേരിട്ട് ഏറെ പ്രയോജനപ്പെടുക മൈഗ്രേഷൻ അവയർനെസ് ഡെസ്കാണ്. വേൾഡ് മലയാളി കൗൺസിൽ സിഡ്നി പ്രസിഡന്റ് ഡോ. ബാബു ഫിലിപ്പ് കേരള ഡെവലപ്മെന്റ് ഡെസ്കിൽ അംഗമായി പ്രവർത്തിക്കും.

നവോദയ (സിഡ്നി, മെൽബൺ, ബ്രിസ്ബൻ, അഡ്‌ലെയ്ഡ്, പെർത്ത്, ദേശീയ കമ്മിറ്റി), ഐഒസി (ന്യൂ സൗത്ത് വെയിൽസ്, സിഡ്നി, വിക്ടോറിയ), കെഎംസിസി (എൻഎസ്ഡബ്ല്യു, മെൽബൺ), ലോക കേരള സഭ അംഗങ്ങൾ, വേൾഡ് മലയാളി കൗൺസിൽ സിഡ്നി, കെബിപിസിഎ, സംസ്കൃതി പെർത്ത്, സമത ഓസ്‌ട്രേലിയ, സിഡ്നി-കാൻബറ-വിക്ടോറിയ-ആലീസ് സ്പ്രിംഗ്സ് മലയാളി അസോസിയേഷനുകൾ, കൂടാതെ തണൽ / ഹോം2ഹോം, സൺഷൈൻ എഫ്‌സി തുടങ്ങിയ പ്രമുഖ സാമൂഹിക-ക്ഷേമ കൂട്ടായ്മകൾക്കെല്ലാം കൗൺസിലിൽ പങ്കാളിത്തമുണ്ട്. എൻഎസ്ഡബ്ല്യു, വിക്ടോറിയ, ക്വീൻസ്‌ലാൻഡ്, സൗത്ത് ഓസ്‌ട്രേലിയ, വെസ്റ്റേൺ ഓസ്‌ട്രേലിയ, എസിടി, നോർത്തേൺ ടെറിട്ടറി എന്നീ എല്ലാ പ്രവിശ്യകളിൽ നിന്നുമുള്ള പ്രാതിനിധ്യവും ഉറപ്പാക്കിയിട്ടുണ്ട്.

നോർക്ക റൂട്ട്സിന്റെ സമ്പൂർണ്ണ ഭരണ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമായിരിക്കും കൗൺസിൽ പ്രവർത്തിക്കുക. ഇതൊരു ഉപദേശക-ഏകോപന സംവിധാനം മാത്രമാണെന്നും പ്രത്യേക നിയമപരമായ അസ്തിത്വമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. രേഖാമൂലമുള്ള പ്രത്യേക അനുമതിയില്ലാതെ അംഗങ്ങൾക്കോ സംഘടനകൾക്കോ സർക്കാരിനെയോ നോർക്കയെയോ പ്രതിനിധീകരിക്കാൻ അധികാരമില്ല. ആവശ്യമെങ്കിൽ കൗൺസിൽ പുനഃസംഘടിപ്പിക്കാനോ പിരിച്ചുവിടാനോ നോർക്കയ്ക്ക് പൂർണ്ണ അധികാരമുണ്ട്.

വിദ്യാർത്ഥികളും നഴ്സുമാരും ഐടി വിദഗ്ധരുമടക്കം ഓസ്‌ട്രേലിയയിലെ മലയാളി സമൂഹം അതിവേഗം വികസിക്കുന്ന ഘട്ടത്തിൽ, വിവിധ സംഘടനകൾ സർക്കാർ പിന്തുണയുള്ള ഒരു പൊതുവേദിയിൽ ഒന്നിക്കുന്നത് ഇതാദ്യമാണ്. അടിയന്തര സഹായങ്ങൾക്കും കൃത്യമായ കുടിയേറ്റ മാർഗനിർദേശങ്ങൾക്കും കേരളവുമായുള്ള വ്യാപാര വളർച്ചയ്ക്കും ഈ സംവിധാനം എത്രത്തോളം കരുത്താകുമെന്നാണ് മലയാളി സമൂഹം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *