സുസ്ഥിര ആര്‍ത്തവപരിചരണം; ജില്ലാ ഭരണകൂടത്തിന്റെ ‘മുക്തി’ പദ്ധതി ഇനി സ്കൂളുകളിലും

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ ആർത്തവ ശുചിത്വം, ആരോഗ്യസംരക്ഷണം, സുസ്ഥിര ആർത്തവ ശുചിത്വ രീതികൾ, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഉപയോഗം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ‘പ്രൊജക്ട് മുക്തി’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള പുനരുപയോഗിക്കാവുന്ന ആർത്തവ ശുചിത്വ ഉത്പന്നങ്ങളുടെ വിതരണവും ബോധവത്കരണ പരിപാടിയും കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതിക്ക് ദോഷകരമായ ശീലങ്ങളിൽ നിന്ന് മുക്തി നേടുകയാണ് പ്രോജക്ട് മുക്തിയുടെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പരിസ്ഥിതി സൗഹൃദപരമായ സാനിറ്ററി പാഡുകളുടെ ഉപയോഗം ശീലമാക്കണമെന്നും പ്രകൃതിയെ മാലിന്യമുക്തമായി പരിപാലിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾ സുസ്ഥിരതാ പ്രതിജ്ഞയെടുത്തു.

ജില്ലാ ഭരണകൂടത്തിന്റെ മുക്തി പദ്ധതിയുമായി സഹകരിച്ച് ജെൻപാക്ട് സ്ഥാപനം സ്കൂളിലെ നൂറോളം വിദ്യാർത്ഥിനികൾക്ക് പുനരുപയോഗിക്കാവുന്ന ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ആർത്തവത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകുന്നതാണ് ഈ പദ്ധതി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കി വന്ന പദ്ധതിയാണ് ഇപ്പോൾ സ്കൂളുകളിലേക്കും വ്യാപിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *