സിഡ്നി: ഭിന്നശേഷിക്കാരായ കുട്ടികളുടെയും യുവാക്കളുടെയും പുനരധിവാസത്തിനും ശാക്തീകരണത്തിനുമായി പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്ററിന്റെ (DAC) ആഭിമുഖ്യത്തിൽ സിഡ്നിയിൽ സംഗീതനിശ സംഘടിപ്പിക്കുന്നു. ഡിഎസി ഓസ്ട്രലേഷ്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘സ്വരലയ 2026’ എന്ന പേരിൽ ഒരുക്കുന്ന ചാരിറ്റി ഫണ്ട്‌റൈസിങ് മെഗാ ഇവന്റ് 2026 നവംബർ 14 ശനിയാഴ്ച വെസ്റ്റേൺ സിഡ്നിയിലെ വെന്റ്വർത്ത്‌വിൽ റെഡ്ഗം ഫംഗ്ഷൻ സെന്ററിൽ (Redgum Function Centre, Lane St, Wentworthville NSW 2145) അരങ്ങേറും. വൈകുന്നേരം 5 മണിക്ക് പ്രവേശനം ആരംഭിക്കുന്ന പരിപാടി 5:30-ന് തുടങ്ങും.
തിരുവനന്തപുരത്തിന് പിന്നാലെ എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെയുള്ള ഭിന്നശേഷി കുട്ടികൾക്കായി കാസർകോട് നിർമ്മിക്കുന്ന വലിയ ഫെസിലിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഫണ്ട് സമാഹരണത്തിനുമായാണ് ഈ സംഗീത സായാഹ്നം ഒരുക്കുന്നത്. കുട്ടികളെ മാജിക്, നാടകം, കലകൾ എന്നിവയിലൂടെ മുഖ്യധാരയിലേക്കും സജീവ ജീവിതത്തിലേക്കും കൈപിടിച്ചുയർത്തുന്ന ഡിഎസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്, പരിപാടിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നൂറു ശതമാനവും ഈ പദ്ധതികൾക്കായി വിനിയോഗിക്കും. സിഡ്നിയിലെ ആദ്യകാല കുടിയേറ്റ മലയാളിയായ കെ.പി. ജോസഫ്, ബീന രവി, നിതിൻ സൽഗുണൻ തുടങ്ങിയ സാമൂഹിക പ്രതിബദ്ധതയുള്ള പ്രമുഖരാണ് ഡിഎസി ഓസ്ട്രലേഷ്യൻ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
സംഗീതപ്രേമികൾക്ക് നവ്യാനുഭവം പകരാൻ വൻ താരനിരയാണ് സിഡ്നിയിലെ വേദിയിലെത്തുന്നത്. അന്താരാഷ്ട്ര കലാകാരന്മാർക്കുള്ള വിസ നടപടികൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ‘കടുവ’ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ ‘പാലപ്പള്ളി’യിലൂടെ ശ്രദ്ധേയനായ ഫോക്ക്-ഫ്യൂഷൻ ഗായകൻ അതുൽ നറുകര, സരിഗമപ കേരളം വിജയിയും ‘മിന്നൽ മുരളി’, ‘ആറാട്ട്’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയുമായ പിന്നണി ഗായിക ശ്വേത അശോക്, മായ റോക്ക് ബാൻഡ്, അമോസ് എന്നിവയിലൂടെ പ്രശസ്തനായ പ്രമുഖ കീബോർഡിസ്റ്റും ഗായകനുമായ ഷിനോ പോൾ എന്നിവർ നയിക്കുന്ന ലൈവ് സംഗീത വിരുന്നാണ് പ്രധാന ആകർഷണം. ഇതിനുപുറമെ പ്രാദേശിക കലാകാരന്മാരുടെ ഇൻസ്ട്രുമെന്റൽ ഫ്യൂഷനും നൃത്തപരിപാടികളും അരങ്ങേറും.
സാമൂഹിക നന്മ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ സംഗീതവിരുന്നിന്റെ ടിക്കറ്റുകൾ ലഭ്യമാകുന്നതിന് താഴെ നൽകിയിട്ടുള്ള ലിങ്ക് സന്ദർശിക്കാവുന്നതാണ്: https://eventik.com.au/event/swaralaya2026

