ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് ഇന്റർനാഷണൽ എയർലൈൻസ് വിമാനത്തിൽ എൻജിൻ തകരാറിനെ തുടർന്ന് തീപിടിത്തമുണ്ടായി. സംഭവത്തിൽ ആറു യാത്രക്കാർക്ക് പരിക്കേറ്റു.
ഡൽഹിയിൽ നിന്ന് സൂറിച്ചിലേക്കു പോകാനിരുന്ന എയർബസ് A330 (ഫ്ലൈറ്റ് നമ്പർ LX147) ഞായറാഴ്ച പുലർച്ചെ ടെക്ക് ഓഫ് റണ്ണിനിടെ എൻജിൻ തകരാറിലായി തീപിടിക്കുകയായിരുന്നു. തുടർന്ന് പൈലറ്റുകൾ ഉടൻ ടെക്ക് ഓഫ് നിർത്തി അടിയന്തര ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു
എല്ലാ യാത്രക്കാരെയും റൺവേയിൽ അടിയന്തര സ്ലൈഡുകൾ ഉപയോഗിച്ച് സുരക്ഷിതമായി ഇറക്കി. ഈ സമയത്താണ് ആറുപേർക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
വിമാനത്തിൽ 200-ലധികം യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ ഫുൾ എമർജൻസി പ്രഖ്യാപിക്കുകയും രക്ഷാപ്രവർത്തന സംഘം സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണത്തിലാക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിമാനയാന അധികൃതർ അന്വേഷണം ആരംഭിച്ചു.

