സിഡ്നി വിമാനത്താവളത്തിലെ യാത്രാതടസ്സവും അപകടസാധ്യതയും; ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണങ്ങളിൽ അടുത്ത മാസം മുതൽ മാറ്റമെന്ന് ഗതാഗത മന്ത്രി

ക്യാൻബെറ: സിഡ്നി വിമാനത്താവളത്തിലുണ്ടായ കടുത്ത യാത്രാതടസ്സങ്ങളുടെയും തുടർച്ചയായ അപകടസാധ്യതകളുടെയും പശ്ചാത്തലത്തിൽ, ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണങ്ങൾ അടുത്ത മാസം മുതൽ പുനഃസംഘടിപ്പിക്കുമെന്ന് ഓസ്‌ട്രേലിയൻ ഗതാഗത മന്ത്രി കാതറിൻ കിംഗ് അറിയിച്ചു. എയർസെർവീസസ് ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റോബ് ഷാർപ്പുമായി തിങ്കളാഴ്ച ക്യാൻബെറയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

റൺവേയിലൂടെ വലിച്ചിഴയ്ക്കുകയായിരുന്ന ഖത്തർ എയർവേസ് വിമാനത്തിന് മുന്നിലേക്ക് ജെറ്റ്‌സ്റ്റാർ വിമാനം ഇടിച്ചുകയറുന്ന തരത്തിൽ വലിയ അപകടസാധ്യത ഞായറാഴ്ച ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് എയർ ട്രാഫിക് കൺട്രോളർ ഉൾപ്പെടെ രണ്ട് ജീവനക്കാരെ സ്റ്റാൻഡ് ബൈയിൽ നിർത്തി ലഹരിപരിശോധനയ്ക്ക് വിധേയരാക്കി. സംഭവത്തിൽ ഒരു കാബിൻ ക്രൂ അംഗത്തിന് പരിക്കേൽക്കുകയും ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇതിന് രണ്ടാഴ്ച മുൻപ് ജൂലൈ 27-നും ക്വാന്റാസ് വിമാനങ്ങൾ തമ്മിൽ സമാനമായ രീതിയിൽ അപകടസാധ്യത ഉണ്ടായിരുന്നു.

ജീവനക്കാരുടെ ക്ഷാമവും ഇത്തരം സംഭവങ്ങളും സൃഷ്ടിക്കുന്ന യാത്രാതടസ്സങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ മന്ത്രി കാതറിൻ കിംഗ്, സ്ഥിതിഗതികൾ പരിഹരിക്കാൻ എയർസെർവീസസ് ഓസ്‌ട്രേലിയ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു. സെപ്റ്റംബർ ആദ്യവാരത്തോടെ സിഡ്നിയിലെ എയർ ട്രാഫിക് കൺട്രോളർമാരുടെ റൊട്ടേഷൻ രീതികളിൽ മാറ്റം വരുത്തും. കൂടുതൽ കൺട്രോളർമാർക്ക് പരിശീലനം നൽകാനായി സിഡ്നി ടവറിൽ പുതിയ സിമുലേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷാവസാനത്തോടെ 95 എയർ ട്രാഫിക് കൺട്രോളർമാർ കൂടി സേവനത്തിന് സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.

തുടർച്ചയായുണ്ടായ രണ്ട് സംഭവങ്ങളിലും ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ (ATSB) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവസാന നിമിഷം പൈലറ്റുമാർ നടത്തുന്ന അടിയന്തര ഇടപെടലുകൾ കൊണ്ട് മാത്രം വലിയ ദുരന്തങ്ങൾ ഒഴിവാകുന്ന സാഹചര്യം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് എ.ടി.എസ്.ബി മേധാവി അംഗസ് മിച്ചൽ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *