മെൽബൺ: സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചപ്പോൾ പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ കൊടുംകുറ്റവാളി അഞ്ച് മാസമായിട്ടും ഒളിവിൽ തുടരുന്നു. ഗുരുതരമായ കൊക്കെയ്ൻ കടത്ത് കേസുകളിൽ വിചാരണ നേരിടുന്നതിനിടെ ജയിലിൽ കഴിഞ്ഞിരുന്ന ഒരിജോൾ റുക്കാജ് (47) എന്ന പ്രതിയാണ് മെൽബണിൽ ഒളിവിൽ കഴിയുന്നതായി സംശയിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കിലോർ ഈസ്റ്റ് സെമിത്തേരിയിൽ കനത്ത സുരക്ഷയോടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചപ്പോഴായിരുന്നു ഇയാളുടെ അപ്രതീക്ഷിത രക്ഷപ്പെടൽ. ചടങ്ങിൽ പങ്കെടുക്കാനെത്തിയ വൻ ജനക്കൂട്ടത്തിനിടയിലേക്ക് പെട്ടെന്ന് മറഞ്ഞ ഇയാൾ, തുടർന്ന് കറുത്ത ടൊയോട്ട ലാൻഡ് ക്രൂയിസർ വാഹനത്തിൽ കടന്നുകളയുകയായിരുന്നു. സംഭവം നടന്ന് അഞ്ച് മാസത്തോളമായിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.
പ്രതി ഇപ്പോഴും മെൽബണിൽ തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സെന്റ് ആൽബൻസ്, സൺബറി തുടങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ചാണ് പോലീസ് പ്രധാനമായും അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. ഗുരുതരമായ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട ഒരു കൊടുംകുറ്റവാളിക്ക് പുറത്തുപോകാൻ അധികൃതർ അനുമതി നൽകിയതിലും, സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടതിലും വലിയ സുരക്ഷാ വീഴ്ചയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതീവ സുരക്ഷ ആവശ്യമുള്ള തടവുകാരെ പുറത്തിറക്കുമ്പോഴുള്ള നിരീക്ഷണ സംവിധാനങ്ങൾ കർശനമാക്കണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമുള്ള ആവശ്യവും ശക്തമായിട്ടുണ്ട്.

