ജർമനിയിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും; മുഴുവൻ ചെലവും നോർക്ക വഹിക്കും

തിരുവനന്തപുരം: ജർമനിയിലെ ബോഹും മേഖലയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയതായി നോർക്ക റൂട്ട്സ് അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും നോർക്ക റൂട്ട്സ് വഹിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ നോർക്ക റൂട്ട്സിന് നിർദ്ദേശം നൽകി.

കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് ബഹുനില പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത്. മൂവരുടെയും മൃതദേഹങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫ്യൂണറൽ ഹോമുകളിലേക്ക് മാറ്റിയിട്ടുണ്ട്.

മരണ സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ്, എംബാമിങ് തുടങ്ങിയ നടപടികൾ പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. ദുരന്തവിവരമറിഞ്ഞതു മുതൽ തിരുവനന്തപുരത്തെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ബെർലിനിലെ ഇന്ത്യൻ എംബസി, ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ്, ജർമനിയിലെ മലയാളി സംഘടനാ പ്രതിനിധികൾ എന്നിവരുമായി നോർക്ക റൂട്ട്സ് നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.

മലയാളി സംഘടനാ പ്രതിനിധികൾ അപകടസ്ഥലവും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനും സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് മുഴുവൻ ഏകോപനവും നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *