മെൽബൺ: മെൽബണിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡുകൾ സാമൂഹികവിരുദ്ധർ വ്യാപകമായി നശിപ്പിച്ചു. സംഭവത്തെത്തുടർന്ന് വംശീയവും ഹിന്ദു വിരുദ്ധവുമായ നീക്കങ്ങളാണോ ഇതിന് പിന്നിലെന്ന കാര്യത്തിൽ വിക്ടോറിയയിലെ ഹിന്ദു സമൂഹത്തിനിടയിൽ കടുത്ത ആശങ്ക ഉടലെടുത്തിട്ടുണ്ട്.
പ്രചാരണ ബോർഡുകൾ തകർത്ത നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി പ്രദേശത്തെ സമൂഹം രംഗത്തെത്തി. “ഒരു ദീപാവലി ബോർഡ് നശിപ്പിക്കാൻ നിങ്ങൾക്ക് സാധിച്ചേക്കാം, എന്നാൽ ഞങ്ങളുടെ ആത്മവീര്യത്തെയും ആഘോഷത്തിമിർപ്പിനെയും തകർക്കാൻ കഴിയില്ല” എന്ന് കമ്മ്യൂണിറ്റി അംഗമായ വിജേത് ഷെട്ടി പ്രതികരിച്ചു. വിക്ടോറിയയിലെ ഹിന്ദു സമൂഹത്തിന് നേരെ ഉണ്ടായേക്കാവുന്ന വംശീയ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായി നിലനിൽക്കുകയാണ്.

