തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിന്റെ നേട്ടങ്ങളുടെ അവകാശവാദം ഉന്നയിക്കുന്ന സിപിഐക്ക് സർക്കാരിന്റെ വീഴ്ചകളുടെയും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി. മന്ത്രിസഭയിൽ സിപിഐക്ക് നാല് മന്ത്രിമാരുണ്ടായിരുന്നുവെന്നും സർക്കാരിന്റെ നേട്ടങ്ങൾക്കൊപ്പം കോട്ടങ്ങൾക്കും പാർട്ടിക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ വീഴ്ചകളിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന സിപിഐയുടെ നിലപാട് ശരിയല്ല. എന്തുതരം മുന്നണി ബന്ധമാണിതെന്നും ശിവൻകുട്ടി ചോദിച്ചു. സർക്കാരിന്റെ നേട്ടങ്ങൾ മാത്രം അവകാശപ്പെടുകയും വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിലും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനെ ശിവൻകുട്ടി വിമർശിച്ചു. പിഎം ശ്രീ വിഷയത്തിൽ സിപിഐയുടെ ഇടപെടലിനെ തുടർന്നാണ് എൽഡിഎഫിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കപ്പെട്ടതെന്ന വാദം ശരിയല്ല. ഇക്കാര്യങ്ങൾ എൽഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് പ്രശ്നമുണ്ടായാലും പിഎം ശ്രീ വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവരുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ലെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.
സിപിഎമ്മും സിപിഐയും തമ്മിലുള്ള പിഎം ശ്രീ പദ്ധതി സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾക്കിടയിലാണ് ശിവൻകുട്ടിയുടെ പുതിയ വിമർശനം.

