ഇടുക്കി: ഉപ്പുതറ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എൽഡിഎഫിനുള്ള പിന്തുണ സ്വതന്ത്ര അംഗം പിൻവലിച്ചതിന് പിന്നാലെ ബിജെപിയുടെ ഏക അംഗം കൂടി വിപ്പ് ലംഘിച്ച് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഭരണം എൽഡിഎഫിന് നഷ്ടമായത്. എട്ടിനെതിരെ പത്ത് വോട്ടുകൾ നേടിയാണ് അവിശ്വാസപ്രമേയം പാസായത്.
ഭരണസമിതിയെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം പിന്തുണ പിൻവലിച്ചതോടെയാണ് പഞ്ചായത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തതും യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയതും. തുടർന്ന് നടന്ന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനായിരുന്നു ബിജെപി നേതൃത്വം തങ്ങളുടെ അംഗത്തിന് വിപ്പ് നൽകിയിരുന്നത്. എന്നാൽ പാർട്ടി നിർദ്ദേശം തള്ളിക്കളഞ്ഞ ബിജെപി അംഗം യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
ആകെ 18 അംഗങ്ങളുള്ള ഉപ്പുതറ പഞ്ചായത്തിൽ യുഡിഎഫ് – 8, എൽഡിഎഫ് – 8, സ്വതന്ത്രൻ – 1, ബിജെപി – 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. വോട്ടെടുപ്പ് വേളയിൽ സ്വതന്ത്രന്റെയും ബിജെപി അംഗത്തിന്റെയും വോട്ടുകൾ ഒപ്പം ലഭിച്ചതോടെ യുഡിഎഫ് പക്ഷത്തെ വോട്ടുകളുടെ എണ്ണം പത്തായി ഉയർന്നു. ഇതോടെ എൽഡിഎഫ് ഭരണസമിതി പുറത്തായി. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള തുടർനടപടികൾ വരണാധികാരിയുടെ നേതൃത്വത്തിൽ ഉടൻ ആരംഭിക്കും.

