കടൽ കടന്ന് മലയാളത്തിന്റെ അക്ഷരവെളിച്ചം; ഓസ്‌ട്രേലിയയിലെ ഓറഞ്ചിൽ ‘കേരളനാട് വായനശാല’ ഒരുങ്ങുന്നു

ഓറഞ്ച് (ന്യൂ സൗത്ത് വെയ്‌ൽസ്): യാന്ത്രികമായ പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിൽ ജന്മനാടിന്റെ ഓർമ്മകളിലേക്ക് തുഴയാൻ ഓസ്‌ട്രേലിയയിലെ മലയാളികൾക്ക് ഇനി പുസ്തകക്കൂട്ട്. പ്രവാസഭൂമിയിലും മാതൃഭാഷയുടെ വേരുകൾ പടർത്തുക എന്ന ലക്ഷ്യത്തോടെ ന്യൂ സൗത്ത് വെയ്‌ൽസിലെ ഓറഞ്ചിൽ സമ്പൂർണ്ണ സൗജന്യ മലയാളം വായനശാല ഒരുങ്ങുന്നു. പ്രവാസി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സിജു ജേക്കബ് ആണ് തന്റെ വസതിയിൽ ‘കേരളനാട് വായനശാല’ എന്ന പേരിൽ ഈ പുസ്തകശാലയ്ക്ക് തുടക്കമിടുന്നത്. കേരളത്തിന്റെ വായനാദിനമായ ജൂൺ 19-ന് ഗ്രന്ഥശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കപ്പെടും.

നവമാധ്യമങ്ങളുടെ അതിപ്രസരത്തിനിടയിലും വായനയും എഴുത്തും ഒരു ജനതയുടെ സാംസ്കാരികമായ നിലനിൽപ്പിന് എത്രത്തോളം അനിവാര്യമാണെന്ന ബോധ്യമാണ് ഈ സംരംഭത്തിന് പിന്നിലെന്ന് സിജു ജേക്കബ് വ്യക്തമാക്കി. അന്യനാട്ടിലെ ജോലിത്തിരക്കുകൾക്കിടയിൽ ഒരല്പം മനസ്സിമാധാനത്തിന് വേണ്ടി നല്ലൊരു മലയാളം പുസ്തകം ആഗ്രഹിക്കുന്ന ഒട്ടനവധി പ്രവാസികൾക്ക് വിദേശങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാകുക എന്നത് വലിയൊരു ബുദ്ധിമുട്ടാണ്. ഈയൊരു പ്രതിസന്ധിക്കുള്ള പരിഹാരവും ആശ്വാസവുമാണ് പൂർണ്ണമായും സൗജന്യമായി പ്രവർത്തിക്കുന്ന ‘കേരളനാട് വായനശാല’. കഴിഞ്ഞ 26 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ന്യൂസിലൻഡിൽ വെച്ച് സിജു ജേക്കബ് നടത്തിയിരുന്ന പ്രശസ്തമായ ‘കേരളനാട്’ പത്രത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ലൈബ്രറിക്ക് ഈ പേര് നൽകിയിരിക്കുന്നത്.

സിജു ജേക്കബിന്റെ വ്യക്തിപരമായ ശേഖരത്തിലുള്ള പുസ്തകങ്ങൾ, വിലയ്ക്ക് വാങ്ങിയവ, പ്രമുഖ എഴുത്തുകാരായ സുഹൃത്തുക്കൾ സമ്മാനിച്ചവ എന്നിവയുൾപ്പെടെ മികച്ചൊരു പുസ്തകശേഖരം ഇതിനോടകം വായനശാലയിൽ സജ്ജമായിക്കഴിഞ്ഞു. വിവരമറിഞ്ഞ് നിരവധി സാഹിത്യസംഘടനകളും പുസ്തകങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏഴ് ഭൂഖണ്ഡങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴും പുസ്തകങ്ങൾ എഴുതുമ്പോഴും ജന്മനാടായ കോട്ടയം ചിങ്ങവനം കുഴിമറ്റത്തിന്റെ ഓർമ്മകളും ഉള്ളിലെ മലയാളിയെയും താൻ എപ്പോഴും കൂടെക്കൂട്ടിയിരുന്നുവെന്ന് അദ്ദേഹം ഓർമ്മിച്ചു. ഭാവിയിൽ ഈ ലൈബ്രറി കേന്ദ്രീകരിച്ച് വിപുലമായ സാഹിത്യോത്സവങ്ങളും, വായനക്കൂട്ടായ്മകളും, പുസ്തക ചർച്ചകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അക്ഷരങ്ങളുടെ ഈ വലിയ ലോകത്തേക്ക് ഓസ്‌ട്രേലിയയിലെ എല്ലാ പുസ്തകപ്രേമികളെയും സഹൃദയരെയും അദ്ദേഹം ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. ഗ്രന്ഥശാലയെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0414067986 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *