നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കും; മന്ത്രി രമേശ് ചെന്നിത്തല

മുരിക്കാശ്ശേരി: പുതിയ കാലത്ത് അത്യാധുനികവും നൂതനവുമായ അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പോലീസ് ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് – തൂഫാന്‍ ജാഗരണ്‍’ ലഹരി വിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെയാകെ പിടിച്ചുലയ്ക്കുന്നത് രാസലഹരിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികളുടെ ഭാഷയും സൗഹൃദവലയങ്ങളും താത്പര്യങ്ങളും പുതിയ സാങ്കേതികവിദ്യകളും മനസ്സിലാക്കിയാണ് വിതരണക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ പോലീസിന്റെ അന്വേഷണ രീതികളിലും സമഗ്രമായ മാറ്റങ്ങള്‍ വരുത്തിവരികയാണ്. ലഹരി ശൃംഖലയുടെ ഉറവിടം കണ്ടെത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ഇതിന്റെ ഭാഗമായി ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ പോലീസ് ഡോഗ് സ്‌ക്വാഡിന് പ്രത്യേക പരിശീലനം നല്‍കിവരുന്നുണ്ട്. ലഹരി വ്യാപനത്തിന്റെ പുതിയ വഴികള്‍ തടയാന്‍ സവിശേഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവിരുദ്ധ പോരാട്ടമായി ‘ഓപ്പറേഷന്‍ തൂഫാന്‍’ മാറിയെന്നും മന്ത്രി പറഞ്ഞു.

ലഹരി ഉപയോഗം ഒരു വ്യക്തിയുടെ മാത്രം പ്രശ്നമോ നിയമപ്രശ്നമോ അല്ല, മറിച്ച് സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. ഇതിനെതിരായ പോരാട്ടത്തില്‍ പോലീസിനൊപ്പം ഓരോ കുടുംബവും വ്യക്തിയും അണിചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തൂഫാന്റെ തുടര്‍ച്ചയായ ‘തൂഫാന്‍ ജാഗരണ്‍’ വഴി ലഹരി സൃഷ്ടിക്കുന്ന ദുസ്സഹമായ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിച്ച് ജനങ്ങളെ ഇതില്‍നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. കുടുംബങ്ങളിലും വിദ്യാലയങ്ങളിലും കൃത്യമായ ജാഗ്രത അനിവാര്യമാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയാന്‍ ഡി.ജി.പി.മാരുടെയും മുഖ്യമന്ത്രിമാരുടെയും യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. കര്‍ണാടക, തമിഴ്നാട് മുഖ്യമന്ത്രിമാരെ നേരിട്ട് കണ്ടുകഴിഞ്ഞു. ആന്ധ്ര, തെലങ്കാന, പുതുച്ചേരി മുഖ്യമന്ത്രിമാരെ ഉടന്‍ കാണും. അയല്‍ സംസ്ഥാനങ്ങളുടെ സഹകരണം ലഭിച്ചതോടെ കൂടുതല്‍ പ്രതികളെ വലയിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും, പാലക്കാടും കോഴിക്കോടും ഉള്‍പ്പെടെ ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്താന്‍ ഇ.ഡി. റെയ്ഡുകള്‍ നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്താകെ ഇതുവരെ 10,748 പേരെ അറസ്റ്റ് ചെയ്യുകയും ഒൻപതിനായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 170 കോടി രൂപയുടെ മയക്കുമരുന്നാണ് സംസ്ഥാനത്ത് പിടികൂടിയത്. കൂടാതെ ലഹരിക്ക് അടിമപ്പെട്ട 170-ഓളം പേരെ പോലീസിന്റെ മേല്‍നോട്ടത്തില്‍ ചികിത്സിച്ചു വരുന്നു. പദ്ധതിയിലൂടെ ഇടുക്കി ജില്ലയില്‍ മാത്രം 662 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 717 പേരെ പ്രതികളാക്കി. 39.28 കിലോഗ്രാം കഞ്ചാവ്, 30.912 ഗ്രാം എം.ഡി.എം.എ, 113.21 ഗ്രാം ഹാഷിഷ് ഓയില്‍, 135 കഞ്ചാവ് ചെടികള്‍ എന്നിവയാണ് ജില്ലയില്‍ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *