പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ട ജില്ലയിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് ബാധിക്കുന്ന ജില്ലകളിലൊന്നായ പത്തനംതിട്ടയിൽ രാജ്യത്തിന് തന്നെ മാതൃകയാകുന്ന രീതിയിലാകും ഈ പദ്ധതി നടപ്പിലാക്കുക.
ബജറ്റിൽ പ്രഖ്യാപിച്ച ആധുനിക കാലാവസ്ഥാ പ്രവചന സംവിധാനത്തിന്റെ ഭാഗമായി റെയിൻ ഗേജ് സ്റ്റേഷനുകൾ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് നവീകരിക്കും. കൊച്ചിൻ സർവകലാശാല പോലുള്ള പ്രമുഖ ഏജൻസികളെ ഉൾപ്പെടുത്തി ഏറ്റവും കാര്യക്ഷമമായ കാലാവസ്ഥാ പ്രവചന, മുന്നറിയിപ്പ് സംവിധാനവും ആധുനിക ഡാം മാനേജ്‌മെന്റ് സിസ്റ്റവും ക്രമീകരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് നദികളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും ചെളിയും നീക്കം ചെയ്ത് വീതിയും ആഴവും വർധിപ്പിക്കും.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. എം.എൽ.എമാരുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ ഭരണകൂടം മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ദുരന്തബാധിത പ്രദേശങ്ങളിൽ എൻ.ഡി.ആർ.എഫ്, പൊലീസ്, ഫയർഫോഴ്‌സ്, റാപ്പിഡ് റെസ്‌പോൺസ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.
നിലവിൽ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തിലധികം ആളുകൾ കഴിയുന്നുണ്ട്. ഇവിടങ്ങളിൽ ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ടോയ്‌ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അധിക തുക വിനിയോഗിക്കാൻ ജില്ലാ കളക്ടർക്ക് അനുമതി നൽകിയിട്ടുണ്ട്. ഒരു ക്യാമ്പിൽ പരമാവധി 150 പേരെ മാത്രമായി പരിമിതപ്പെടുത്തി ബാക്കിയുള്ളവരെ മറ്റ് ക്യാമ്പുകളിലേക്ക് മാറ്റും.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിക്കും. ക്യാമ്പിലുള്ളവർ മടങ്ങുന്നതിന് മുൻപ് വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യും. വീടുകൾ വൃത്തിയാക്കാൻ വോളന്റിയർമാരുടെ സേവനം ഉറപ്പാക്കുന്നതിനൊപ്പം വീടു ശുചീകരണത്തിനായി 10,000 രൂപ അനുവദിച്ചിട്ടുണ്ട്. പുനരധിവാസത്തിനായി സ്ഥലം വാങ്ങി വീട് നിർമ്മിക്കാനുള്ള ധനസഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷമായും, വീട് പൂർണമായി നഷ്ടപ്പെട്ടവർക്കുള്ള തുക 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷം രൂപയായും ഉയർത്തി.
പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മുഖ്യമന്ത്രി നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

