തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രം കേരളത്തിന്റെ യഥാർഥ ധനസ്ഥിതി വ്യക്തമാക്കുന്നതാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. എന്നാൽ, ധവളപത്രത്തിനെതിരെ കടുത്ത വിയോജിപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. അതീവ രഹസ്യസ്വഭാവമുള്ള ധനകാര്യ വകുപ്പിന്റെ രേഖകൾ സർക്കാർ സർവ്വീസിന് പുറത്തുള്ളവരെ ഏൽപ്പിച്ച നടപടി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ കുറ്റപ്പെടുത്തി.
ധവളപത്ര നിർമ്മാണം പൂർണ്ണമായും ക്രമവിരുദ്ധമായാണ് നടന്നിട്ടുള്ളതെന്ന് മുൻ ധനമന്ത്രി കെ. എൻ. ബാലഗോപാലും ആരോപിച്ചു. ഗൗരവമേറിയ ധനകാര്യ രേഖകൾ കൈകാര്യം ചെയ്തതിൽ വലിയ ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
അതേസമയം, നിയമസഭയിൽ അവതരിപ്പിച്ച നന്ദിപ്രമേയത്തെ ശക്തമായി എതിർക്കുന്നതായി ബി.ജെ.പി അംഗം രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സഭയിൽ വരാനിരിക്കുന്ന ബജറ്റ് ചർച്ചയോടൊപ്പം തന്നെ ഈ ധവളപത്രത്തെക്കുറിച്ചും വളരെ വിശദമായ ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധവളപത്രത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ ഭിന്നത രൂക്ഷമായതോടെ വരും ദിവസങ്ങളിലും നിയമസഭയിൽ ഈ വിഷയം വലിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിവെക്കുമെന്നുറപ്പായി

