ഹൈദരാബാദിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം

ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഹൈദരാബാദിലെ ഭാരത് ഫ്യൂച്ചർ സിറ്റിയിൽ നിർമിക്കാൻ തെലങ്കാന സർക്കാർ പദ്ധതിയിടുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ 1.32 ലക്ഷം സീറ്റെന്ന ശേഷിയെ മറികടക്കുന്ന രീതിയിലായിരിക്കും പുതിയ സ്റ്റേഡിയം.

ഏകദേശം 100 ഏക്കർ സ്ഥലത്ത് കായിക-വിനോദ സമുച്ചയത്തിന്റെ ഭാഗമായാണ് സ്റ്റേഡിയം വിഭാവനം ചെയ്യുന്നത്. ക്രിക്കറ്റ് മത്സരങ്ങൾക്ക് പുറമെ ഫുട്ബോൾ മത്സരങ്ങളും വലിയ സംഗീത, വിനോദ പരിപാടികളും നടത്താൻ കഴിയുന്ന തരത്തിലായിരിക്കും സൗകര്യങ്ങൾ.

ഡിസംബറിൽ തറക്കല്ലിടാനാണ് നിലവിലെ പദ്ധതി. നിർമാണച്ചെലവും പരിപാലനവും ബി.സി.സി.ഐ വഹിക്കുമെന്നും സംസ്ഥാന സർക്കാർ ഭൂമി ലഭ്യമാക്കുമെന്നും റിപ്പോർട്ടുണ്ട്. സ്റ്റേഡിയത്തിന്റെ അന്തിമ രൂപകൽപ്പനയും നിർമാണ സമയക്രമവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഹൈദരാബാദിലെ നിലവിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശേഷി പരിമിതമായതിനാലാണ് പുതിയ വേദി പരിഗണിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന റെക്കോഡ് ഹൈദരാബാദിന് സ്വന്തമാകും.

Leave a Reply

Your email address will not be published. Required fields are marked *