വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാനുള്ള നീക്കം; കോൺഗ്രസ് മന്ത്രിമാർ രാജിവയ്ക്കുമെന്ന് മുന്നറിയിപ്പ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനുള്ള തമിഴക വെട്രി കഴകം (TVK) നേതാക്കളുടെ നീക്കത്തിൽ കോൺഗ്രസിൽ അതൃപ്തി. TVK രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ചില്ലെങ്കിൽ തമിഴ്നാട് മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവയ്ക്കുമെന്ന് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ മുന്നറിയിപ്പ് നൽകി.

കന്നിയാകുമാരിയിൽ നടന്ന കോൺഗ്രസ് പരിപാടിയിലാണ് രാജേഷ് കുമാർ ഇക്കാര്യം പറഞ്ഞത്. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്നും അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കുകയാണ് പാർട്ടി പ്രവർത്തകരുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. TVK ഇതിനെ അംഗീകരിച്ചില്ലെങ്കിൽ താനും ഉന്നതവിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥനും മന്ത്രിസഭയിൽനിന്ന് പിന്മാറുമെന്നും രാജേഷ് കുമാർ പറഞ്ഞു.

ഇതിനിടെ, വിജയിയെ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന മുഖമായി ഉയർത്തിക്കാട്ടുന്ന പ്രചാരണം TVKയിൽ ശക്തമായിരുന്നു. TVK നേതാവും മന്ത്രിയുമായ ആദവ് അർജുന അടുത്ത പ്രധാനമന്ത്രി ദക്ഷിണേന്ത്യയിൽ നിന്നായിരിക്കണമെന്ന് പറഞ്ഞിരുന്നു. മറ്റൊരു TVK മന്ത്രി ശരത്കുമാറും വിജയിയെ അടുത്ത പ്രധാനമന്ത്രിയായി വിശേഷിപ്പിച്ചിരുന്നു. വിജയിയെ അനുകൂലിച്ചുള്ള പോസ്റ്ററുകളും തമിഴ്നാട്ടിലെ ചില ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതേസമയം, കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം വിഷയത്തെ രാഷ്ട്രീയ യാഥാർഥ്യത്തിന്റെ പശ്ചാത്തലത്തിൽ കാണണമെന്ന് പ്രതികരിച്ചു. പ്രധാനമന്ത്രിയാകാൻ ലോക്സഭയിൽ ഭൂരിപക്ഷം നേടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ കോൺഗ്രസ്-ടിവികെ സഖ്യത്തിനുള്ളിലെ അഭിപ്രായവ്യത്യാസം ഇതോടെ കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *