ഓസ്‌ട്രേലിയയുടെ മണ്ണിലേക്ക് തെയ്യം എത്തുന്നു; വിപഞ്ചിക ഗ്രന്ഥശാലയുടെ പത്താം വാർഷികാഘോഷം ‘ദശകം-2026’ ജൂലൈ 11-ന്

മെൽബൺ: കേരളത്തിന്റെ വടക്കൻ മലബാർ മേഖലകളിൽ, പ്രത്യേകിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഏറെ പ്രശസ്തമായ അനുഷ്ഠാന കലാരൂപമായ തെയ്യം ഓസ്‌ട്രേലിയൻ മണ്ണിലേക്ക് എത്തുന്നു. വിപഞ്ചിക ഗ്രന്ഥശാലയുടെ പത്താം വാർഷികാഘോഷമായ ‘ദശകം-2026’ ന്റെ ഭാഗമായാണ് ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായി തെയ്യം അരങ്ങേറുന്നത്. ജൂലൈ 11 ശനിയാഴ്ച മെൽബൺ ബോക്സ് ഹിൽ (BoxHill) ടൗൺ ഹാളിൽ വൈകീട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയിൽ നാട്ടിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന പറശ്ശിനിക്കടവ് മുത്തപ്പൻ വെള്ളാട്ടം അരങ്ങേറും. ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിന് അപൂർവ്വവും മറക്കാനാകാത്തതുമായ ഒരു ദൃശ്യവിരുന്നായിരിക്കും ഇത്.

തെയ്യത്തിനു പുറമെ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന വിവിധ നാടകങ്ങളും ദശകം-2026 ന്റെ ഭാഗമായി വേദിയിലെത്തുന്നുണ്ട്. ‘മറിമായം’ ഫെയിം ഉണ്ണിരാജ്, ഏഷ്യാനെറ്റ് ‘മുൻഷി’ ഫെയിം ബിജു ഇരിണാവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘കപികുലം’ എന്ന ഹാസ്യനാടകവും, കെപ്റ്റമെൽബൺ ഗിരീഷ് അവണൂരിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പുലിജന്മം’ എന്ന അമേച്വർ നാടകവും ഈ സാംസ്കാരിക സന്ധ്യയ്ക്ക് മാറ്റുകൂട്ടും.

കമ്മ്യൂണിറ്റി വിഷൻ പാർട്ണർമാരായി നാലാമൻ മീഡിയയും മലയാളി പത്രവും വിപഞ്ചിക ഗ്രന്ഥശാലയുടെ പത്താം വാർഷികാഘോഷങ്ങളോട് സഹകരിക്കുന്നുണ്ട്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിപഞ്ചികയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലും www.vipanchikagrandhasala.com എന്ന വെബ്സൈറ്റിലും ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *