ഇവിഎം വേണ്ടെന്ന് പറഞ്ഞവർക്ക് ബാലറ്റിലും പൂജ്യം; കോൺഗ്രസിനെ ട്രോളി പ്രധാനമന്ത്രി

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ (എം.എൽ.സി) തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടക്കുന്നുണ്ടെന്ന് ആരോപിച്ച് ബാലറ്റ് പേപ്പർ രീതിയിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്ന സമയത്ത് നടന്ന തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ഒളിയമ്പ്. എം.എൽ.സി തെരഞ്ഞെടുപ്പ് നടന്നത് ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണെന്നും മോദി എക്സിൽ (X) കുറിച്ചു.

“4 സംസ്ഥാനങ്ങളിലെ (ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, കർണാടക) 28 സീറ്റുകളിൽ എം.എൽ.സി തെരഞ്ഞെടുപ്പ് നടന്നു. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. കോൺഗ്രസ് എത്ര സീറ്റുകൾ നേടി എന്ന് ഊഹിക്കാമോ?” ഒരു കണ്ണ് അടച്ചുപിടിച്ചുള്ള ഇമോജിയോടെയാണ് പ്രധാനമന്ത്രി കോൺഗ്രസിനെ പരിഹസിച്ചത്.

നാല് സംസ്ഥാനങ്ങളിലെ 28 ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. നേരത്തെ കൈവശമുണ്ടായിരുന്ന സീറ്റുകൾ പോലും പാർട്ടിക്ക് നഷ്ടമായി. കർണാടകയിലാണ് കോൺഗ്രസിന് ഏറ്റവും കനത്ത തിരിച്ചടിയുണ്ടായത്. ഭരണനേതൃത്വത്തിൽ മാറ്റങ്ങൾ വരുത്തി മുഖം മിനുക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചില്ല. ഇ.വി.എമ്മിനെതിരെ നിരന്തരം രംഗത്തുവരുന്ന കോൺഗ്രസിന് ബാലറ്റ് വോട്ടെടുപ്പിലെ ഈ പൂജ്യ ഫലം വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *