നാവികരുടെ സുരക്ഷയും സമുദ്രവ്യാപാരവും ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവുമായി ശക്തമായ ഏകോപനം: മുകേഷ് മംഗൾ

ന്യൂഡൽഹി: ആഗോളതലത്തിൽ നിലനിൽക്കുന്ന സമുദ്ര പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്നതായി തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയ അഡീഷണൽ സെക്രട്ടറി മുകേഷ് മംഗൾ അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയം, വിവിധ അന്താരാഷ്ട്ര സമുദ്ര പങ്കാളികൾ എന്നിവരുമായി മന്ത്രാലയം കൃത്യമായ ഏകോപനം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യൻ മേഖലയിലുണ്ടായ പ്രതിസന്ധികളെ തുടർന്ന് വിദേശ തുറമുഖങ്ങളിൽ കുടുങ്ങിപ്പോയ മൂവായിരത്തിലധികം ഇന്ത്യൻ നാവികരെ ഇതുവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയും ഇന്ത്യൻ മിഷനുകളുടെ സജീവമായ ഇടപെടലിലൂടെയുമാണ് നാവികരുടെ സുരക്ഷിതമായ തിരിച്ചുവരവ് അതിവേഗത്തിലാക്കിയത്. മേഖലയിലെ സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് സമുദ്രപാതകളിലേക്ക് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളോടെ കപ്പലുകൾ അയക്കുന്ന കാര്യം വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ സമുദ്രമേഖലയിലെ സുരക്ഷ മുൻനിർത്തി പ്രത്യേക കൺട്രോൾ റൂം മന്ത്രാലയത്തിന്റെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. നാവികരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന എല്ലാ അടിയന്തര സന്ദേശങ്ങളിലും ഇമെയിലുകളിലും ഉടൻ തന്നെ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുകേഷ് മംഗൾ കൂട്ടിച്ചേർത്തു. രാജ്യാന്തര തലത്തിൽ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും രാജ്യത്തെ തുറമുഖങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാണെന്നും ചരക്കുനീക്കത്തിൽ യാതൊരുവിധ തടസ്സങ്ങളുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *