രണ്ട് പതിറ്റാണ്ടിലേറെയായി കാണാതായ ഇന്ത്യൻ യുവാവിനെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ഓസ്‌ട്രേലിയൻ ഏജൻസി

മെൽബൺ: ഇന്ത്യയിലുള്ള കുടുംബവുമായുള്ള ബന്ധം നഷ്ടപ്പെട്ട് രണ്ട് പതിറ്റാണ്ടിലേറെയായി കാണാതായ ലവ്‌പ്രീത് സിംഗ് ചീമ എന്ന ഇന്ത്യൻ പൗരനെ കണ്ടെത്തുന്നതിനായി നാഷണൽ മിസ്സിംഗ് പേഴ്‌സൺസ് കോർഡിനേഷൻ സെന്റർ പൊതുജനങ്ങളുടെ സഹായം തേടി. 1978 മെയ് 23-ന് ഇന്ത്യയിൽ ജനിച്ച ചീമ, 1999-ലാണ് അന്താരാഷ്ട്ര വിദ്യാർത്ഥിയായി ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. 2004-ന്റെ തുടക്കത്തിൽ മെൽബണിലെ സൺഷൈനിൽ വെച്ച് മുൻ കാമുകിയാണ് ഇദ്ദേഹത്തെ അവസാനമായി നേരിൽ കണ്ടതെന്നാണ് പൊലീസ് രേഖകളിൽ വ്യക്തമാക്കുന്നത്.

2005-ന്റെ തുടക്കത്തിലാണ് ഇന്ത്യയിലുള്ള കുടുംബാംഗങ്ങൾ ചീമയുമായി അവസാനമായി ഫോണിൽ സംസാരിച്ചത്. പിന്നീട് ഇദ്ദേഹവുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ കുടുംബം ആശങ്കയിലായി. തുടർന്ന് ഇന്ത്യയിലുള്ള ബന്ധുക്കളുടെ അഭ്യർത്ഥനപ്രകാരം ഒരു കുടുംബസുഹൃത്ത് 2015 ജൂലൈ 7-ന് വിക്ടോറിയ പൊലീസിൽ പരാതി നൽകുകയായിരുന്നു. 2008-ൽ ഡാൻഡെനോംഗ് മേഖലയിലായിരുന്നു ഇദ്ദേഹത്തിന്റെ അവസാനമായി അറിയപ്പെടുന്ന വിലാസം. ഇതിനുമുമ്പ് സൺഷൈനിലും ഡാൻഡെനോംഗിലും താമസിച്ചിരുന്ന ചീമ, ഓക്‌ലീ (Oakleigh) പ്രദേശത്ത് ജോലി ചെയ്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നീണ്ട കാലയളവായി ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങളൊന്നുമില്ലാത്തതിനാൽ ചീമയുടെ ക്ഷേമത്തിൽ വിക്ടോറിയ പൊലീസ് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ചീമയ്ക്ക് എങ്ങനെയായിരിക്കും രൂപമെന്ന് വ്യക്തമാക്കുന്ന രേഖാചിത്രങ്ങൾ (Composite images) അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടുണ്ട്. ആരെങ്കിലും ഇദ്ദേഹത്തെ തിരിച്ചറിയുകയും വിവരങ്ങൾ നൽകുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കാണാതാകുന്ന സമയത്ത് ഏകദേശം 173 സെന്റീമീറ്റർ ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയും കറുപ്പോ തവിട്ടോ നിറമുള്ള മുടിയും തവിട്ടുനിറമുള്ള കണ്ണുകളുമായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. ചീമയെ കാണുകയോ ഇദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയോ ചെയ്യുന്നവർ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്‌സുമായി (Crime Stoppers) ബന്ധപ്പെടണമെന്നും, അല്ലെങ്കിൽ https://crimestoppers.com.au/ എന്ന വെബ്സൈറ്റ് വഴി പേര് വെളിപ്പെടുത്താതെ വിവരങ്ങൾ കൈമാറണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ഓസ്‌ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

Leave a Reply

Your email address will not be published. Required fields are marked *