ഏകാരോഗ്യത്തിൽ അധിഷ്ഠിതമായി ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കാം: ഇന്ന് ലോക ജന്തുജന്യ രോഗദിനം

തിരുവനന്തപുരം: പ്രകൃതിയുടെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിലൂടെ മാത്രമേ മനുഷ്യന് ആരോഗ്യപൂർണ്ണമായ ജീവിതം സാധ്യമാകൂ എന്ന ഓർമ്മപ്പെടുത്തലുമായി ഇന്ന് (ജൂലൈ 6) ലോക ജന്തുജന്യ രോഗദിനം ആചരിക്കുന്നു. “ഏകാരോഗ്യത്തിൽ അധിഷ്ഠിതമായി സാമൂഹ്യ പങ്കാളിത്തത്തോടെ ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കുക” എന്ന സന്ദേശമുയർത്തിയാണ് ഈ വർഷത്തെ ദിനാചരണം സംഘടിപ്പിക്കുന്നത്.

ഭൂമിയുടെ അവകാശികളായ കോടാനുകോടി ജന്തുജാലങ്ങൾക്കിടയിലെ ഒരു അംഗം മാത്രമാണ് മനുഷ്യനെന്നും, അതിനാൽ മനുഷ്യന്റെ ആരോഗ്യം പ്രകൃതിയുടെയും മറ്റ് ജീവികളുടെയും ആരോഗ്യവുമായി അവിഭാജ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ ദിനം ഓർമ്മിപ്പിക്കുന്നു. ‘ഏകാരോഗ്യം’ (One Health) എന്ന ആശയം പ്രാവർത്തികമാക്കുന്നതിലൂടെ മാത്രമേ ജന്തുജന്യ രോഗങ്ങളിൽ നിന്നും സമൂഹത്തെ പൂർണ്ണമായി സംരക്ഷിക്കാൻ സാധിക്കൂ.

രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രായോഗിക അറിവ് നേടിയെടുക്കുക, ജീവജാലങ്ങളുടെ സഹജമായ വാസസ്ഥലങ്ങളിലേക്ക് കടന്നുകയറാതിരിക്കാനുള്ള വിവേകം കാണിക്കുക, മൃഗങ്ങളുമായുള്ള സുരക്ഷിതമായ ഇടപെടലുകൾ ഉറപ്പാക്കുക തുടങ്ങിയ മനോഭാവങ്ങൾ രൂപീകരിക്കുന്നതിലൂടെ മാത്രമേ ഭാവിയിൽ ജന്തുജന്യ രോഗങ്ങളുടെ വ്യാപനം തടയാൻ കഴിയൂ എന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയും ഈ ദിനാചരണം അടിവരയിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *