ന്യൂഡൽഹി: വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്ക് ഏറെ പ്രയോജനകരമായ ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കിക്കൊണ്ട് പുതിയ ‘ഇ-ഒ.സി.ഐ’ കാർഡ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കി. ജൂൺ 30-നാണ് ഈ പുതിയ പരിഷ്കാരം നിലവിൽ വന്നത്. സർക്കാരിന്റെ പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ ഡിജിറ്റൽ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി. 1950 ജനുവരി 26 നോ അതിന് ശേഷമോ ഇന്ത്യൻ പൗരന്മാരായിരുന്ന എല്ലാ ഇന്ത്യൻ വംശജർക്കും (PIO) രജിസ്ട്രേഷൻ നൽകുന്ന പദ്ധതിയാണ് ഒ.സി.ഐ. വോട്ടുചെയ്യാനുള്ള അവകാശമോ ഭരണഘടനയിലെ ആർട്ടിക്കിൾ 16 പ്രകാരം ഇന്ത്യൻ പൗരന്മാർക്ക് ഉറപ്പാക്കിയിട്ടുള്ള അവകാശങ്ങളോ ഇല്ലാത്തതിനാൽ ഇതിനെ ഇരട്ട പൗരത്വമായി കണക്കാക്കാനാവില്ല.
പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതോടെ പഴയ ഒ.സി.ഐ സിസ്റ്റത്തിൽ അപേക്ഷകർ അഭിമുഖീകരിച്ചിരുന്ന പല പ്രായോഗിക പ്രശ്നങ്ങൾക്കുമാണ് ശാശ്വത പരിഹാരമാകുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം 50 ലക്ഷത്തോളം വരുന്ന ഒ.സി.ഐ കാർഡ് ഉടമകൾക്ക് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം. പുത്തൻ സംവിധാനത്തിലൂടെ അപേക്ഷകർക്ക് ഒ.സി.ഐ കാർഡിനായി ഓൺലൈൻ വഴി അപേക്ഷിക്കാനും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യാനും സാധിക്കും. തുടർന്ന് ഡിജിറ്റലായി നിർമ്മിക്കപ്പെടുന്ന ഇ-ഒ.സി.ഐ കാർഡ് ഓൺലൈൻ വഴി തന്നെ ഡൗൺലോഡ് ചെയ്തെടുക്കാം. ഇതിനായി അപേക്ഷകർ എംബസികളിലോ കോൺസുലേറ്റുകളിലോ നേരിട്ട് പോകേണ്ടതില്ല.
നിലവിൽ ഒ.സി.ഐ കാർഡ് ഉള്ളവർക്കും തങ്ങളുടെ ഇ-ഒ.സി.ഐ കാർഡ് ഓൺലൈൻ വഴി സ്വന്തമാക്കാവുന്നതാണ്. ഒട്ടുമിക്ക കേസുകളിലും ഇതിനായി പുതിയൊരു അപേക്ഷ സമർപ്പിക്കേണ്ടതായോ, ഫിസിക്കൽ വെരിഫിക്കേഷന് വിധേയമാകേണ്ടതായോ വരില്ല. ഒപ്പം, 20 വയസ്സിന് ശേഷം പുതിയ പാസ്പോർട്ട് എടുക്കുമ്പോൾ ഒ.സി.ഐ കാർഡും പുതുക്കണമെന്ന മുൻപത്തെ നിബന്ധനയും കേന്ദ്ര സർക്കാർ എടുത്തുമാറ്റി. പുതിയ പദ്ധതി അനുസരിച്ച് പാസ്പോർട്ട് മാറുമ്പോൾ ഒ.സി.ഐ കാർഡ് പുതുക്കേണ്ടതില്ല; പകരം കാർഡ് ഉടമയുടെ രജിസ്ട്രേഷൻ നമ്പർ ഒരു യുണീക്ക് നമ്പറായി തന്നെ തുടരും.
ഡിജിറ്റൽ ഒ.സി.ഐ കാർഡ് ആകുന്നതോടെ കാർഡ് നഷ്ടപ്പെടുമെന്നോ രേഖകൾ നശിക്കുമെന്നോ ഉള്ള ആശങ്കയും ഇനി വേണ്ടിവരില്ല. മാത്രമല്ല, കാർഡ് ഉടമകൾക്ക് സ്വയം റിയൽ ടൈം വെരിഫിക്കേഷൻ നടത്താനുള്ള സൗകര്യവും ഇതിലുണ്ട്. എന്നാൽ, പുതിയ പാസ്പോർട്ട് എടുക്കുമ്പോൾ അതിന്റെ വിവരങ്ങൾ കാർഡ് ഉടമകൾ ഓൺലൈൻ വഴി നിർബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. കോൺസുലേറ്റുകളിൽ ഭൗതിക സാന്നിദ്ധ്യം ആവശ്യമില്ലാത്തതിനാലും അപേക്ഷാ നടപടികൾ ലളിതമായതിനാലും പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമായ ഒന്നായാണ് ഈ പുതിയ ഇ-ഒ.സി.ഐ കാർഡ് വിലയിരുത്തപ്പെടുന്നത്.

