വയലറ്റ് ടൗൺ: വിക്ടോറിയയിലെ ഹ്യൂം ഫ്രീവേയിൽ വയലറ്റ് ടൗണിന് തെക്ക് ഭാഗത്തുണ്ടായ ഗുരുതരമായ വാഹനാപകടത്തെത്തുടർന്ന് ഉണ്ടായ ഗതാഗതം തടസ്സം പൂര്‍ണ്ണമായും പരിഹരിക്കാനായില്ല. ഒരു ബി-ഡബിൾ ട്രക്ക് ഉൾപ്പെടെ ഒന്നിലധികം വാഹനങ്ങൾ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് പാതയിലെ എല്ലാ ലേനുകളും അടച്ചതായി അധികൃതർ അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റ രണ്ട് മുതിർന്നവരെയും രണ്ട് കുട്ടികളെയും അടിയന്തര ചികിത്സയ്ക്കായി വാങ്കരട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് കൺട്രി ഫയർ അതോറിറ്റിയുടെ (CFA) ആറ് യൂണിറ്റുകൾ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പോലീസിന് പുറമെ സ്റ്റേറ്റ് എമർജൻസി സർവീസ് (SES), ആംബുലൻസ് വിഭാഗം എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.
ഈ വഴി കടന്നുപോകേണ്ട യാത്രക്കാർ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും ഗതാഗത തടസ്സം നീങ്ങുന്നതുവരെ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും പാത സുരക്ഷിതമാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

