ഇന്തോനേഷ്യയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; 15 പേർ മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യ തലസ്ഥാനമായ ജക്കാർത്തയ്ക്ക് സമീപമുള്ള ബെകാസി പ്രദേശത്ത് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. സ്റ്റേഷനിൽ നിർത്തിയിരുന്ന ഒരു കമ്മ്യൂട്ടർ ട്രെയിനിന്റെ പിന്നിലേക്കാണ് ദീർഘദൂര ട്രെയിൻ ഇടിച്ചത്. സ്ത്രീകൾക്ക് മാത്രമായി അനുവദിച്ചിരുന്ന കോച്ചിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചതെന്നും മരിച്ചവർ എല്ലാവരും സ്ത്രീകളാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഒരു റെയിൽവേ ക്രോസിംഗിൽ ടാക്സി കുടുങ്ങിയതിനെ തുടർന്ന് ട്രെയിൻ നിർത്തേണ്ടിവന്ന സാഹചര്യത്തിലാണ് പിന്നാലെ വന്ന ട്രെയിൻ ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ മണിക്കൂറുകൾ നീണ്ട പരിശ്രമം നടത്തി.

ഏകദേശം 80-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ഗതാഗതം താറുമാറായതായും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *