ലാഗോസ്: വടക്കുകിഴക്കൻ നൈജീരിയയിലെ അഡമാവ സംസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. ഗൊംബി ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ഗുയാക്കു ഗ്രാമത്തിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
ഫുട്ബോൾ മൈതാനത്ത് ഒത്തുകൂടിയിരുന്ന ഗ്രാമവാസികൾക്ക് നേരെ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് വീടുകളും ആരാധനാലയങ്ങളും തീകൊളുത്തി നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ആക്രമണം മണിക്കൂറുകൾ നീണ്ടുനിന്നതായി സംസ്ഥാന ഗവർണർ അഹമ്മദു ഉമറു ഫിന്തിരി അറിയിച്ചു. കൂടുതൽ ആക്രമണ സാധ്യതയെ തുടർന്ന് പ്രദേശവാസികൾ ഭീതിയിൽ നാട്ടുവിട്ടുപോകുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
ഇസ്ലാമിക് സ്റ്റേറ്റ് അനുബന്ധ ഭീകരസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വടക്കൻ നൈജീരിയയിൽ ഇത്തരം ആക്രമണങ്ങൾ പതിവായി നടക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം.സംഭവത്തെ സർക്കാർ ശക്തമായി അപലപിച്ചു; പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

