ഏഥൻസ്: ഗ്രീസ് തലസ്ഥാനമായ ഏഥൻസിന് പടിഞ്ഞാറ് പ്സാത്ത മേഖലയിലെ കാട്ടുതീ അണയ്ക്കുന്നതിനിടെയുണ്ടായ മധ്യാകാശ കൂട്ടിയിടിയിൽ രണ്ട് അഗ്നിശമന ഹെലികോപ്റ്ററുകളിലൊന്ന് തകർന്നുവീണ് രണ്ട് പേർ മരിച്ചു. മരിച്ചവരിൽ ഒരു ഗ്രീക്ക് പൗരനും ഒരു ഡാനിഷ് പൗരനും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു.
മറ്റെ ഹെലികോപ്റ്ററിലെ രണ്ട് ജീവനക്കാർ അടിയന്തരമായി സുരക്ഷിതമായി നിലത്തിറങ്ങുകയും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനെ തുടർന്ന് വ്യാപകമായി പടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളും വിമാനങ്ങളും ഹെലികോപ്റ്ററുകളും മേഖലയിൽ വിന്യസിച്ചിരിക്കുകയാണ്. തീപിടിത്തത്തെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

