കൊച്ചി: പെരുമ്പാവൂർ അശമന്നൂരിൽ ഒഴുക്കിൽപ്പെട്ട് രണ്ടു വിദ്യാർത്ഥികൾ മരിച്ചു. മലപ്പുറം, കൊല്ലം സ്വദേശികളായ അജ്മൽ, അജ്സൽ എന്നിവരാണ് മരിച്ചത്.
പെരിയവാലി കനാലിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചെറുകുന്നം കെഎംപി നഴ്സിംഗ് കോളജിലെ ആറു വിദ്യാർത്ഥികൾ സ്ഥലത്തെത്തിയിരുന്നു. ഇതിൽ മൂന്നുപേരാണ് കുളിക്കാനിറങ്ങിയത്.
ഷട്ടർ തുറന്നിരുന്ന സമയമായതിനാൽ കനാലിൽ ഏകദേശം 10 അടി വെള്ളമുണ്ടായിരുന്നു. കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി വിദ്യാർത്ഥികളെ പുറത്തെടുത്തത്.
ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ വിദ്യാർത്ഥിയെ ഗുരുതരാവസ്ഥയിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

