സൈബർ ആക്രമണം; യുകെ പെൻഷൻ, ആനുകൂല്യ ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടു; പ്രവാസികൾക്കും പെൻഷൻകാർക്കും ജാഗ്രതാ നിർദേശം

ലണ്ടൻ: സൈബർ ആക്രമണത്തെത്തുടർന്ന് ബ്രിട്ടനിലെ പെൻഷൻ, ക്ഷേമ ആനുകൂല്യ വകുപ്പിന്റെ (ഡിപാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് – ഡിഡബ്ല്യുപി) ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടത് യുകെയിലെ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കി. വ്യാഴാഴ്ച സംവിധാനങ്ങളിൽ അസാധാരണമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ മിക്ക ഓൺലൈൻ സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം വരെയും പല സേവനങ്ങളും പൂർണ്ണമായി പുനഃസ്ഥാപിക്കാനായിട്ടില്ല. യൂണിവേഴ്സൽ ക്രെഡിറ്റ്, സ്റ്റേറ്റ് പെൻഷൻ, ചൈൽഡ് ബെനഫിറ്റ്, ഭിന്നശേഷി ആനുകൂല്യങ്ങൾ (പിഐപി) എന്നിവയ്ക്കായി ഓൺലൈൻ വഴി അപേക്ഷിക്കാനോ വിവരങ്ങൾ പുതുക്കാനോ സാധിക്കാത്തത് സാധാരണക്കാരായ കുടുംബങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.

ഓൺലൈൻ സംവിധാനങ്ങൾ നിലച്ചത് പ്രവാസികൾക്ക് വലിയ പ്രായോഗിക ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. യൂണിവേഴ്സൽ ക്രെഡിറ്റ് കൈപ്പറ്റുന്നവർ തങ്ങളുടെ ജോലി സംബന്ധമായ വിവരങ്ങളും വരുമാന മാറ്റങ്ങളും ഓൺലൈൻ ‘ജേണലിൽ’ കൃത്യസമയത്ത് രേഖപ്പെടുത്തേ ണ്ടതുണ്ട്. പോർട്ടൽ പ്രവർത്തിക്കാത്തതിനാൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ കഴിയാത്തത് അടുത്ത മാസത്തെ ആനുകൂല്യങ്ങളെ ബാധിക്കുമോ എന്ന ആശങ്ക പ്രവാസികൾക്കിടയിലുണ്ട്. ഇതിനുപുറമെ, നാട്ടിലേക്ക് അവധിക്ക് പോകുന്നവരും മടങ്ങിവരുന്നവരും യാത്രാവിവരങ്ങൾ ഡിഡബ്ല്യുപിയെ അറിയിക്കേണ്ടതുണ്ട്. ഇതിന് സാധിക്കാത്തതും പുതിയതായി പെൻഷനോ ക്ഷേമ ആനുകൂല്യങ്ങൾക്കോ അപേക്ഷിക്കാൻ കാത്തിരിക്കുന്ന മലയാളി കുടുംബങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഓൺലൈൻ സേവനങ്ങൾ മുടങ്ങിയതോടെ ആളുകൾ കൂട്ടത്തോടെ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിക്കുന്നത് ഹെൽപ്‌ലൈൻ നമ്പറുകളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യത്തിനും ഇടയാക്കിയിട്ടുണ്ട്.

അതേസമയം, നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ, ക്ഷേമ ആനുകൂല്യ തുകകൾ വിതരണം ചെയ്യുന്നതിനെ ഈ സംഭവം ബാധിച്ചിട്ടില്ലെന്നും പണം കൃത്യസമയത്ത് ബാങ്ക് അക്കൗണ്ടുകളിൽ എത്തുമെന്നും ഡിഡബ്ല്യുപി വ്യക്തമാക്കി. എങ്കിലും, വെള്ളിയാഴ്ച ലഭിക്കേണ്ടിയിരുന്ന തുക അക്കൗണ്ടിൽ എത്തിയില്ലെന്ന് ചിലർ പരാതിപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ ചോർന്നതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വർക്ക് ആൻഡ് പെൻഷൻസ് സെക്രട്ടറി പാറ്റ് മക്ഫാഡൻ അറിയിച്ചു. നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ (എൻസിഎസ്‌സി), ഗവൺമെന്റ് സൈബർ കോഓർഡിനേഷൻ സെന്റർ എന്നിവയുടെ സഹകരണത്തോടെ ഡിഡബ്ല്യുപി വിദഗ്ധർ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

സാങ്കേതിക തടസ്സം മുതലെടുത്ത് സൈബർ തട്ടിപ്പുകാർ രംഗത്തിറങ്ങാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പെൻഷൻ വിവരങ്ങൾ പുതുക്കാനോ പണം ലഭിക്കാനോ എന്ന വ്യാജേന വരുന്ന എസ്എംഎസുകളിലോ ഇമെയിലുകളിലോ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, ഡിഡബ്ല്യുപി ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണിൽ വിളിച്ച് നാഷനൽ ഇൻഷുറൻസ് നമ്പറോ ബാങ്ക് പാസ്‌വേഡുകളോ ഒടിപിയോ ആവശ്യപ്പെട്ടാൽ യാതൊരു കാരണവശാലും കൈമാറരുതെന്നും നിർദേശമുണ്ട്. സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച വിവരങ്ങൾക്കായി ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ gov.uk മാത്രം ആശ്രയിക്കേണ്ടതാണ്. കൂടാതെ, ഓൺലൈൻ തടസ്സം കാരണം വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കാതെ വന്നവർ പോർട്ടൽ തകരാറിലായതിന്റെ സ്ക്രീൻഷോട്ടുകളോ മറ്റ് തെളിവുകളോ സൂക്ഷിക്കുന്നത് ഭാവിയിൽ പിഴയോ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്നതോ ഒഴിവാക്കാൻ സഹായിക്കും.

ഓസ്‌ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

Leave a Reply

Your email address will not be published. Required fields are marked *