ആറന്മുള: പ്രളയക്കെടുതിയിൽ ഗുരുതരമായി ബാധിക്കപ്പെട്ട ആറന്മുളയിലേക്ക് അടിയന്തരമായി കൂടുതൽ സർക്കാർ സഹായം എത്തിക്കണമെന്ന് ആറന്മുള എംഎൽഎ അബിൻ വർക്കി ആവശ്യപ്പെട്ടു. ആറന്മുളയിൽ ഉണ്ടായിരിക്കുന്നത് തികച്ചും അപ്രതീക്ഷിതമായ ദുരന്തമാണെന്നും നിലവിലെ സാഹചര്യം നേരിടാൻ സർക്കാർ സംവിധാനങ്ങളുടെ കൂടുതൽ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ആറന്മുളയിലേക്കാണ് എത്തുന്നതെന്നും അതിനാൽ റാന്നി മേഖലയിലെ ജലനിരപ്പ് താഴുമ്പോൾ ആറന്മുളയിൽ വെള്ളപ്പൊക്കത്തിന്റെ തീവ്രത വർധിക്കുന്ന സാഹചര്യമാണുള്ളതെന്നും അബിൻ വർക്കി ചൂണ്ടിക്കാട്ടി. നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരിതബാധിത പ്രദേശങ്ങളിൽ റവന്യൂ വകുപ്പ് കൂടുതൽ കാര്യക്ഷമമായും വേഗത്തിലും ഇടപെടണമെന്നും ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും ശക്തിപ്പെടുത്തണമെന്നും എംഎൽഎ അഭ്യർഥിച്ചു.

