ഇടുക്കി:ഇടുക്കി ജില്ലയിലെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,339.62 അടിയിലെത്തി. ഒരു ദിവസംകൊണ്ട് ഒമ്പത് അടി വെള്ളമാണ് അണക്കെട്ടിൽ ഉയർന്നത്. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും രാത്രിയാത്രാ നിരോധനവും തുടരുകയാണ്. ശനിയാഴ്ച മാത്രം ജില്ലയിൽ 14 വീടുകൾ തകർന്നതായും ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരെ പാർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

