മൂവാറ്റുപുഴ: ഗതാഗതക്കുരുക്കിന് പരിഹാരവും നഗരസൗന്ദര്യവൽക്കരണവും ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുൻപ് സർക്കാർ ഖജനാവിൽ നിന്ന് കോടികൾ മുടക്കി നടത്തിയ നഗര റോഡ് വികസനം യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. വികസനത്തിനായി ഏറ്റെടുത്ത സ്ഥലവും പുറമ്പോക്ക് ഭൂമിയും ഫലപ്രദമായി വിനിയോഗിക്കാതെ ധൃതിപിടിച്ച് നടത്തിയ നിർമ്മാണത്തിലെ അപാകതകൾ മൂലമാണ് കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ദുരിതത്തിലായിരിക്കുന്നത്. റോഡരികിലെ ഫുട്പാത്തിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് വേലികൾ തകർന്നു വീണ് അപകടാവസ്ഥയിലായിട്ട് നാളുകളായിട്ടും നടപടിയുണ്ടാകാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.
നഗരവികസനത്തിന്റെ ഭാഗമായി പി.ഒ. ജംഗ്ഷൻ മുതൽ നെഹ്റു പാർക്ക് വരെ റോഡിന്റെ ഇരുവശങ്ങളിലുമായാണ് ഫുട്പാത്ത് നവീകരണവും ഇരുമ്പ് വേലികളും സ്ഥാപിച്ചത്. എന്നാൽ അശാസ്ത്രീയമായ നിർമ്മാണവും ശരിയായ രീതിയിൽ വേലികൾ ഉറപ്പിക്കാത്തതും കാരണം വാഹനങ്ങൾ ഇവയിൽ തട്ടി നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. നെഹ്റു പാർക്കിന് സമീപം ടൗൺഹാളിന് മുന്നിലെ സീബ്രാ ലൈനിലൂടെ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ, വാഹനങ്ങളെ മാത്രമല്ല ഫുട്പാത്തിൽ പൊട്ടിയടർന്നു നിൽക്കുന്ന ഇരുമ്പ് പൈപ്പുകളെക്കൂടി ഭയക്കേണ്ട അവസ്ഥയാണ്. ശരീരത്തിൽ തുളഞ്ഞുകയറുന്ന വിധത്തിൽ നിൽക്കുന്ന ഈ പൈപ്പുകൾ ഒഴിവാക്കി വലിയ പ്രയാസപ്പെട്ടാണ് കാൽനടക്കാർ നടന്നു നീങ്ങുന്നത്. ഇവിടെ ഫുട്പാത്ത് പൊട്ടിമാറി വലിയ വിടവും രൂപപ്പെട്ടിട്ടുണ്ട്.
ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾ തികയും മുൻപ് തന്നെ പി.ഒ. ജംഗ്ഷൻ മുതൽ പാലം ഉൾപ്പെടെ നെഹ്റു പാർക്ക് വരെയുള്ള റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടുകഴിഞ്ഞു. പലയിടങ്ങളിലും തിരമാലയുടെ രൂപത്തിൽ ടാർ ചുരുണ്ടുപോയ നിലയിലാണ്. ഇത്രയേറെ തുക മുടക്കിയിട്ടും നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് യാതൊരു ശമനവുമില്ല. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി അപകടാവസ്ഥ ഒഴിവാക്കണമെന്ന് പലതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികാരികൾ അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
ഓണാഘോഷത്തിന്റെ തിരക്കിൽ ജനകീയാവശ്യങ്ങൾ പൂർണ്ണമായും വിസ്മരിച്ച അധികാരികളുടെ അനാസ്ഥയ്ക്കെതിരെയും പദ്ധതിയിലെ അഴിമതിക്കെതിരെയും ശക്തമായ പ്രതിഷേധ സമരവും നിയമനടപടികളും സ്വീകരിക്കുമെന്ന് പൊതുപ്രവർത്തകൻ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജി അറിയിച്ചു.

