ഒമാൻ തീരത്ത് യുഎസ് ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ യുഎസ് സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന മറ്റ് 21 ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഇന്ത്യൻ സർക്കാർ അറിയിച്ചു. പലാവു പതാകയിലായിരുന്ന എം.ടി. സെറ്റെബെല്ലോ (MT Settebello) എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണം നടന്നത്.

ഇറാനുമായി ബന്ധപ്പെട്ട എണ്ണ കടത്തുകയായിരുന്നുവെന്നും മുന്നറിയിപ്പുകൾ പാലിക്കാതിരുന്നതിനെ തുടർന്നാണ് കപ്പൽ ലക്ഷ്യമാക്കിയതെന്നുമാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം. എന്നാൽ, കപ്പലിന് ഇറാനുമായി ബന്ധമില്ലെന്ന വാദവുമായി കപ്പലിന്റെ മാനേജ്മെന്റ് രംഗത്തെത്തുകയും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

യുഎസ് ചാർജ് ഡി അഫയേഴ്സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായും മേഖലയിലെ വ്യാപാരക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായും അധികൃതർ അറിയിച്ചു. പ്രശ്നപരിഹാരത്തിനായി നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഒമാൻ തീരത്തിന് സമീപം ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾക്ക് നേരെ ദിവസങ്ങൾക്കിടെ ഉണ്ടായ മൂന്നാമത്തെ ആക്രമണമാണിത്. ഏറ്റവും പുതിയ മറ്റൊരു സംഭവത്തിൽ 20 ഇന്ത്യൻ നാവികരുണ്ടായിരുന്ന മറ്റൊരു കപ്പലിലെ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *