ഹോർമുസ് കടലിടുക്കിൽ ഇറാൻ ഡ്രോണുകൾ യുഎസ് വെടിവെച്ചിട്ടു; കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാന്റെ പ്രത്യാക്രമണം

ടെഹ്‌റാൻ:പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ വെച്ച് നാല് ഇറാനിയൻ ഡ്രോണുകൾ യുഎസ് സൈന്യം വെടിവെച്ചിട്ടു. അന്താരാഷ്ട്ര സമുദ്രഗതാഗതത്തിന് ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. തുടർന്നുണ്ടാകാനിടയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾക്ക് നേരെയും യുഎസ് ആക്രമണം നടത്തി. ഗൊരുക്കിലെയും ഖേഷ്മ് (Qeshm) ദ്വീപിലെയും ഇറാനിയൻ റഡാർ സൈറ്റുകളാണ് യുഎസ് തകർത്തത്.

യുഎസ് നടപടിക്ക് ശക്തമായ തിരിച്ചടിയായി അയൽരാജ്യങ്ങളായ കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. ഈ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സിന്റെ (IRGC) ആക്രമണം. ആക്രമണത്തിൽ യുഎസ് കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ വരുത്തിയതായി ഐആർജിസി അവകാശപ്പെട്ടു.എന്നാൽ, ഇറാൻ വിക്ഷേപിച്ച ഏഴോളം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തടഞ്ഞതായി യുഎസ് സൈന്യം വ്യക്തമാക്കി.

ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയുടെ (5th Fleet) ആസ്ഥാനത്തിന് കേടുപാടുകൾ സംഭവിച്ചു എന്ന ഇറാന്റെ വാദങ്ങൾ തെറ്റാണെന്നും തങ്ങളുടെ സൈന്യത്തിനോ ഉദ്യോഗസ്ഥർക്കോ യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്നും യുഎസ് പ്രസ്താവനയിലൂടെ അറിയിച്ചു.**ജ

ശത്രുക്കളുടെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിലവിൽ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് സൈന്യവും സ്ഥിരീകരിച്ചു. മിസൈലുകൾ തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് വലിയ സ്‌ഫോടന ശബ്ദങ്ങൾ കേൾക്കുന്നതെന്നും അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.ആക്രമണ പശ്ചാത്തലത്തിൽ രാജ്യത്ത് സൈറണുകൾ മുഴങ്ങുമ്പോൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിനിൽക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയവും ജനങ്ങൾക്ക് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *