ന
ആഗോള സാമ്പത്തിക വളർച്ചയിൽ ജി7 രാജ്യങ്ങളെ മറികടന്ന് ബ്രിക്‌സ് കൂട്ടായ്മ; ഇന്ത്യ ഐടി രംഗത്തെ വൻശക്തിയെന്ന് വ്ലാഡിമർ പുടിൻ
സെന്റ് പീറ്റേഴ്‌സ്ബർഗ്: ആഗോള സാമ്പത്തിക വലുപ്പത്തിൽ ബ്രിക്‌സ് (BRICS) കൂട്ടായ്മ ജി7 (G7) രാജ്യങ്ങളെ മറികടന്നതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. വരും വർഷങ്ങളിൽ ഈ മുന്നേറ്റം ഇനിയും ശക്തമാകുമെന്നും ആഗോള സാമ്പത്തിക വളർച്ചയുടെ കേന്ദ്രം ക്രമേണ ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷ്ണൽ ഇക്കണോമിക് ഫോറത്തിന്റെ (SPIEF 2026) പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ അഞ്ച് വർഷത്തെ ആഗോള ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) വളർച്ച പരിശോധിച്ചാൽ, അതിന്റെ പകുതിയോളം (49 ശതമാനം) സംഭാവന ചെയ്തത് ബ്രിക്‌സ് രാജ്യങ്ങളാണ്.
അതേസമയം, വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7-ന്റെ വിഹിതം വെറും 18 ശതമാനം മാത്രമാണെന്ന് പുതിൻ വ്യക്തമാക്കി. ജി7 രാജ്യങ്ങൾ പരമാവധി 1.1 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കുമ്പോൾ, ബ്രിക്‌സ് രാജ്യങ്ങൾ 4 ശതമാനത്തിലധികം വളർച്ച നേടുമെന്നും അദ്ദേഹം പ്രവചിച്ചു. 2020-ൽ തന്നെ ബ്രിക്‌സ് ജി7 കൂട്ടായ്മയെ മറികടന്നിട്ടുണ്ടെന്നും ഇരുവിഭാഗവും തമ്മിലുള്ള ഈ സാമ്പത്തിക വിടവ് വരും ദിവസങ്ങളിൽ ഇനിയും വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറഷ്യയുടെ പ്രധാന തന്ത്രപ്രധാന പങ്കാളിയായാണ് ഇന്ത്യയെ പുതിൻ വിശേഷിപ്പിച്ചത്. ആഗോള സോഫ്റ്റ്‌വെയർ വിപണിയിൽ നിർണായക പങ്കുവഹിക്കുന്ന ഇന്ത്യ, ഐടി വ്യവസായത്തിലെ ഏറ്റവും വലിയ ശക്തികളിലൊന്നാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നിലവിൽ ആഗോള കയറ്റുമതിയുടെ 20 ശതമാനവും ബ്രിക്‌സ് രാജ്യങ്ങളുടെ വിഹിതമാണ്.
അംഗരാജ്യങ്ങൾക്കിടയിലുള്ള ആഭ്യന്തര വ്യാപാരം പ്രതിവർഷം 1 ട്രില്യൺ ഡോളറിന് മുകളിലെത്തിയതായും ആഗോള സാമ്പത്തിക വ്യവസ്ഥയുടെ കേന്ദ്രം പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് മാറിക്കൊണ്ടിരിക്കുകയാണെന്നും പുതിൻ നിരീക്ഷിച്ചു.ഡോളറിന്റെ ആധിപത്യത്തിന് ഭീഷണിയായാൽ ബ്രിക്‌സ് രാജ്യങ്ങൾക്ക് മേൽ 100% താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പുതിന്റെ ഈ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
നിലവിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവർക്ക് പുറമെ ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് സഖ്യത്തിലുള്ളത്. ഈ വർഷം ബ്രിക്‌സ് കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാണ്.

