“ഇന്ത്യ മാത്രമല്ല, നേപ്പാളും ഇന്ത്യൻ ഭൂമിയിൽ അതിക്രമിച്ച് കയറിയിട്ടുണ്ട്”; പ്രധാനമന്ത്രി ബാലൻ ഷായുടെ പ്രസ്താവന വിവാദത്തിൽ

ഇന്ത്യ–നേപ്പാൾ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ നടത്തിയ പ്രസ്താവന പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. ഇന്ത്യ നേപ്പാളിന്റെ ഭൂമിയിൽ അതിക്രമിച്ച് കയറിയിട്ടുണ്ടെന്ന ആരോപണത്തിനൊപ്പം, നേപ്പാളും ചില ഇടങ്ങളിൽ ഇന്ത്യൻ ഭൂമിയിൽ അതിക്രമിച്ച് കയറിയിട്ടുണ്ടെന്ന് താൻ പ്രധാനമന്ത്രിയായ ശേഷമാണ് മനസ്സിലാക്കിയതെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. അതിർത്തി തർക്കങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് നേപ്പാൾ സർക്കാരിന്റെ നിലപാടെന്നും, വിഷയത്തിൽ ചരിത്രകാരന്മാർ, സർവേ വിദഗ്ധർ, അതിർത്തി വിദഗ്ധർ എന്നിവരുടെ സഹായത്തോടെ ഇരുരാജ്യങ്ങളും ചർച്ച നടത്താൻ ധാരണയായിട്ടുണ്ടെന്നും ഷാ വ്യക്തമാക്കി.

ലിപുലേഖ്, ലിംപിയാധുര, കലാപാനി മേഖലകളെ സംബന്ധിച്ച് ഇന്ത്യയ്ക്ക് നേപ്പാൾ ഔദ്യോഗിക നയതന്ത്ര കുറിപ്പ് കൈമാറിയതായും അതിന് മറുപടി ലഭിച്ചതായും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നേപ്പാൾ പാർലമെന്റിൽ തന്നെ പ്രതിഷേധമുയർന്നു. നേപ്പാൾ ഇന്ത്യൻ ഭൂമിയിൽ അതിക്രമിച്ച് കയറിയതായി പറഞ്ഞത് ഏത് പ്രദേശത്തെക്കുറിച്ചാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. തെളിവുകളില്ലെങ്കിൽ പ്രസ്താവന പാർലമെന്റ് രേഖയിൽ നിന്ന് നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വിവാദം ശക്തമായതോടെ നേപ്പാൾ വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. പ്രധാനമന്ത്രി പരാമർശിച്ചത് അതിർത്തി പ്രദേശങ്ങളിലെ “ക്രോസ്-ബോർഡർ ലാൻഡ് ടെന്യൂർ” അഥവാ അതിർത്തിക്കപ്പുറമുള്ള ഭൂമിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണെന്നും, ഇത് ഔദ്യോഗികമായി ഭൂമി കൈയേറ്റം സമ്മതിക്കുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നദീതീര അതിർത്തി നിർണയത്തിന്റെ ചരിത്രപരമായ സങ്കീർണതകളാണ് ഇത്തരം സാഹചര്യങ്ങൾക്ക് കാരണമായതെന്നും വിശദീകരിച്ചു.

ഇന്ത്യയും നേപ്പാളും തമ്മിൽ കലാപാനി, ലിപുലേഖ്, ലിംപിയാധുര മേഖലകളെ ചൊല്ലി വർഷങ്ങളായി അതിർത്തി തർക്കം നിലനിൽക്കുന്നു. ഈ പ്രദേശങ്ങൾ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമാണെന്നാണ് ഇന്ത്യയുടെ നിലപാട്. അതേസമയം, അവ നേപ്പാളിന്റെ പ്രദേശങ്ങളാണെന്നാണ് കാഠ്മണ്ഡുവിന്റെ അവകാശവാദം. വിഷയത്തിൽ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നാണ് ഇന്ത്യ തുടർച്ചയായി വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി ഷായുടെ പരാമർശം ഇന്ത്യ–നേപ്പാൾ അതിർത്തി തർക്കത്തെ വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *