ഇസ്രയേലിലേക്ക് കൂടുതൽ ഇന്ധനവിതരണ സൈനികവിമാനങ്ങൾ അയയ്ക്കാൻ അമേരിക്ക; പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുമെന്ന ആശങ്ക

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലേക്ക് കൂടുതൽ ആകാശ ഇന്ധനവിതരണ (എയർ റീഫ്യൂളിംഗ്) സൈനികവിമാനങ്ങൾ അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല സുരക്ഷാ യോഗത്തിന് പിന്നാലെയാണ് തീരുമാനം ഉണ്ടായതെന്നാണ് അമേരിക്കൻ, ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിലവിൽ ടെൽ അവീവിന് സമീപത്തെ ബെൻ ഗുറിയോൺ വിമാനത്താവളത്തിലും തെക്കൻ ഇസ്രയേലിലെ റാമോൺ വിമാനത്താവളത്തിലുമായി അമേരിക്കയുടെ നിരവധി റീഫ്യൂളിംഗ് വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ കൂടുതൽ വിമാനങ്ങൾ എത്തിക്കാനാണ് പദ്ധതി. ഇറാനെതിരായ സൈനിക നടപടികൾ വ്യാപിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ യുദ്ധവിമാനങ്ങൾക്ക് ദീർഘദൂര ദൗത്യങ്ങൾക്ക് ആവശ്യമായ ഇന്ധനസഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം.

അതേസമയം, ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ സൈനികവിമാനങ്ങളുടെ സാന്നിധ്യം വർധിക്കുന്നത് സാധാരണ വിമാന സർവീസുകളെ ബാധിക്കുമെന്ന ആശങ്ക ഇസ്രയേലിൽ ഉയർന്നിട്ടുണ്ട്. അധിക വിമാനങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ ഇസ്രയേൽ സർക്കാരുമായി അമേരിക്ക ചർച്ച നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *