മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാന് വധഭീഷണി ലഭിച്ചതായി റിപ്പോർട്ട്. ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ പേരിൽ സമൂഹമാധ്യമ പോസ്റ്റും ഓഡിയോ സന്ദേശവും പ്രചരിച്ചതിനെ തുടർന്നാണ് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്. ഭീഷണി സന്ദേശത്തിന്റെ ആധികാരികതയും അതിന് പിന്നിലുള്ളവരെയും കണ്ടെത്താനാണ് അന്വേഷണം.
സമൂഹമാധ്യമത്തിൽ പ്രചരിച്ച സന്ദേശത്തിൽ ആമിർ ഖാനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ഭീഷണിപ്പെടുത്തുന്ന പരാമർശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ സന്ദേശം യഥാർഥത്തിൽ ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധപ്പെട്ടതാണോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ ഇതുവരെ ആമിർ ഖാനോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഔദ്യോഗിക പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. പരാതി ലഭിക്കുന്നതിന്റെയും അന്വേഷണഫലത്തിന്റെയും അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.

